ഏപ്രിലില്‍ കരുതലോടെ വിദേശ നിക്ഷേപകര്‍

ഏപ്രിലില്‍ കരുതലോടെ വിദേശ നിക്ഷേപകര്‍

April 8, 2024 0 By BizNews

മുംബൈ: ഏപ്രിലില്‍ പുതിയ ഉയരങ്ങളിലേക്ക്‌ ഓഹരി വിപണി നീങ്ങിയെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരുതലോടെയാണ്‌ നീങ്ങുന്നത്‌. ഏപ്രിലില്‍ ഇതുവരെ അവ 325 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 35098.32 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്‌.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി നടന്ന മാര്‍ച്ചിലെ ചില `ബള്‍ക്ക്‌ ഡീലു’കളും ഐപിഒകളും കൂടി ഉള്‍പ്പെടെയാണ്‌ മാര്‍ച്ചില്‍ 35,098 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയത്‌. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതും ഭരണസ്ഥിരത ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതും വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലെ കാളകളായി തുടരാനുള്ള പ്രേരണ നല്‍കേണ്ടതാണ്‌.

അതേ സമയം യുഎസിലെ പലിശനിരക്ക്‌ സംബന്ധിച്ച അനിശ്ചിതത്വം അവരുടെ നിലപാടുകളെ ബാധിക്കും. അതോടൊപ്പം തന്നെ ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തില്‍ ശക്തമായ അറ്റവില്‍പ്പന നടത്താനും അവയ്‌ക്ക്‌ സാധിക്കില്ല.

ഓഹരി വിപണിയില്‍ ഈ വര്‍ഷം ഇതുവരെ 10,569.01 കോടി രൂപയാണ്‌ വിദേശേ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌.

കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 1215 കോടി രൂപയാണ്‌ ഏപ്രിലില്‍ ഇതുവരെ അവ നിക്ഷേപിച്ചത്‌. 13601.85 കോടി രൂപയായിരുന്നു മാര്‍ച്ചില്‍ നിക്ഷേപിച്ചത്‌.

ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 22,419.41 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. ജനുവരിയില്‍ 19,836.56 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു.

ഈ വര്‍ഷം ഇതുവരെ 57072.57 കോടി രൂപയാണ്‌ കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌.