ഗൾഫിൽ കൂടുതൽ നിക്ഷേപവുമായി ആർപി ഗ്രൂപ്പ്
March 19, 2024 0 By BizNewsഗൾഫിൽ ആർപി ഗ്രൂപ്പ് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. .സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ പെട്രോളിയം മേഖലയിൽ വൻ തുകയുടെ കരാറുകൾ കമ്പനി ഒപ്പു വെച്ചതായി സൂചന.
പുതിയ സംരംഭങ്ങളിൽ മലയാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കും. ദുബായിലെ ടൂറിസം രംഗത്തും കമ്പനി കൂടുതൽ തുക ചെലവഴിക്കും.
പ്രവാസി മലയാളിയായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർപി ഗ്രൂപ്പ് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി 100 കോടി ഡോളറിൻെറ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ വർഷം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിദേശ കമ്പനികളുമായി ചേർന്ന് പുതിയ നിക്ഷേപങ്ങൾ നടത്തും എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.. മാലിദ്വീപിലും കോവളത്തും ഉൾപ്പെടെ പുതിയ നാലു ഹോട്ടലുകൾ ആർപി ഗ്രൂപ്പിന് കീഴിലെ റാവിസ് ഹോട്ടൽസ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. റാവിസ് ഹോട്ടലിന് കീഴിൽ നിലവിൽ 10 പ്രോപ്പർട്ടികൾ ആണുള്ളത്. ഇതിൽ നാലെണ്ണം കേരളത്തിലാണ്. ഇതിൽ റാവിസ് ഗ്രൂപ്പ് നേരിട്ട് നടത്തുന്ന ഹോട്ടലുകളും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നവയുമുണ്ട്.
കോവളത്ത് റാവിസ് ഗ്രൂപ്പിൻെറ ഫൈവ് സ്റ്റാർ ഹോട്ടലാണ് പുതിയ പദ്ധതി. 200 മുറികളിലെ ഹോട്ടലാണ് പടുത്തുയർത്തുന്നത്. കടലോരത്തോട് ചേർന്നുള്ള ഹോട്ടൽ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കോവളത്ത് ലീല ഗ്രൂപ്പുമായി ചേർന്നുള്ള ലീല റാവിസ് ഹോട്ടൽ കഴിഞ്ഞ വർഷം 50 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വർഷം അഷ്ടമുടിയിൽ ലീല പാലസ് പുതിയ പ്രോജക്ട് ആരംഭിച്ചിരുന്നു. റാവിസ് ഹോട്ടൽസുമായുള്ള പങ്കാളിത്തത്തോടെയാണ് പ്രോജക്ട്. ഓയിൽ ആൻഡ് ഗ്യാസ്, റിഫൈനറി ആൻഡ് പെട്രോളിയം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ ആർപി ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.