സെന്‍സെക്‌സ്‌ ആദ്യമായി 73,500 മറികടന്നു

സെന്‍സെക്‌സ്‌ ആദ്യമായി 73,500 മറികടന്നു

March 1, 2024 0 By BizNews

മുംബൈ: ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനു ശേഷം നിഫ്‌റ്റി പുതിയ ഉയരങ്ങളിലെത്തുന്നതിന്‌ വിപണി സാക്ഷ്യം വഹിച്ചു. നിഫ്‌റ്റി ചരിത്രത്തിലാദ്യമായി 22,300 പോയിന്റിന്‌ മുകളിലേക്ക്‌ നീങ്ങി.

സെന്‍സെക്‌സ്‌ ജനുവരി 16ന്‌ രേഖപ്പെടുത്തിയ റെക്കോഡ്‌ നിലവാരം മറികടക്കുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സെന്‍സെക്‌സ്‌ റെക്കോഡ്‌ നിലവാരത്തിന്‌ താഴെയായിരുന്നു.

സെന്‍സെക്‌സ്‌ ആദ്യമായി 73,500ന്‌ മുകളിലേക്ക്‌ നീങ്ങി.

ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ബിപിസിഎല്‍, എല്‍&ടി, ഹിന്‍ഡാല്‍കോ എന്നിവയാണ്‌ ഇന്നലെ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.81 ശതമാനം ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്‌, ടാറ്റാ മോട്ടോഴ്‌സ്‌, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്‌, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ നിഫ്‌റ്റി ഓഹരികള്‍ ഇന്നലെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഇന്ത്യ അപ്രതീക്ഷിതമായി 8.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാണ്‌ ഓഹരി വിപണിയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌. അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ രണ്ട്‌ ശതമാനത്തോളം അധിക വളര്‍ച്ചയാണ്‌ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഇന്ത്യ കൈവരിച്ചത്‌.

വ്യാഴാഴ്ച്ച യുഎസ്‌ ഓഹരി സൂചികകളായ എസ്‌&പി 500ഉം നാസ്‌ഡാകും റെക്കോഡ്‌ നിലവാരത്തിലെത്തിയിരുന്നു. ഇതും ഇന്ത്യന്‍ വിപണിക്ക്‌ ശക്തിയേകി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി മാറിയത്‌ വിപണിക്ക്‌ തുണയായി.