കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമെതിരേ വീണ്ടും സിഎജി

കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമെതിരേ വീണ്ടും സിഎജി

February 17, 2024 0 By BizNews

തിരുവനന്തപുരം: കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ബജറ്റിനു പുറത്തുള്ള വായ്പകളാണെന്ന് ആവർത്തിക്കുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ റിപ്പോർട്ടാണിത്.

മുമ്പ് നിയമസഭ തള്ളിയ ഈ നിരീക്ഷണങ്ങൾ വീണ്ടും ഉൾപ്പെടുത്തിയത് അംഗീകരിക്കുന്നില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പും അനുബന്ധമായി വെച്ചു.

2019-ൽ സർക്കാരും സി.എ.ജിയും തമ്മിൽ ആരംഭിച്ച തർക്കം എസ്. സുനിൽരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി മടങ്ങിയെത്തിയതോടെ വീണ്ടും രൂക്ഷമാകുകയാണ്.

2019-ലെ റിപ്പോർട്ടിൽ സുനിൽരാജ് ഇതേ നിരീക്ഷണം ഉൾപ്പെടുത്തിയെങ്കിലും നിയമസഭ തള്ളിയിരുന്നു.

ബജറ്റിന് പുറത്തുള്ള വായ്പകൾ സർക്കാരിന്റെ കടബാധ്യതകൾ കൂട്ടുന്നതായും സി.എ.ജി. നിരീക്ഷിച്ചു. 2021-22ൽ കിഫ്ബി 7762.78 കോടിയുടെ വായ്പയെടുത്തു. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തിനാലും സർക്കാർ എല്ലാവർഷവും ബജറ്റിലൂടെ കടബാധ്യതകൾ തീർക്കുന്നതിനാലും സർക്കാരിന് ഈ കടമെടുപ്പിൽ ബാധ്യതയില്ലെന്ന വാദം സ്വീകാര്യമല്ല.

ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപവത്കരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് 6550 കോടിയുടെ വായ്പയെടുത്തു. 2022 മാർച്ചുവരെ കമ്പനി തിരിച്ചടയ്ക്കേണ്ട വായ്പ 11,206.49 കോടിയാണ്.

കരാറുകാരുടെ കെട്ടിക്കിടക്കുന്ന ബില്ലുകൾ ഡിസ്ക്കൗണ്ടിങ് സമ്പ്രദായത്തിലൂടെ നൽകുന്നതിന് ബാങ്കുകളിൽനിന്നെടുത്ത 1601.72 കോടിയുടെ വായ്പയും ബജറ്റിനു പുറത്തുള്ള കടമെടുപ്പായാണ് സി.എ.ജി. കണക്കാക്കുന്നത്. ഈ നിരീക്ഷണം ബാങ്ക് വായ്പകളിലൂടെ കരാറുകാരുടെ കുടിശ്ശിക നൽകുന്നതിനെ ബാധിക്കും.

ഇങ്ങനെ സംസ്ഥാനം 25,874.39 കോടിയുടെ ബാധ്യതകൾ മറച്ചുവെച്ചെന്നാണ് സി.എ.ജി.യുടെ ആരോപണം.

ഇത് നിയമസഭയുടെ മേൽനോട്ടത്തിൽ വെള്ളം ചേർക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സുപ്രധാന സാമ്പത്തിക സ്രോതസ്സിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കുന്നുവെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.