കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീംകോടതി

February 13, 2024 0 By BizNews

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചക്ക് തയാറെന്നും കേരളും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതോടെ കേരള ധനമന്ത്രിയും ധനകാര്യസെക്രട്ടറിയും കേന്ദ്ര ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിൻ്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ വാദം.

എ ജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് കേരളത്തിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്.

അടിയന്തരമായി കടം എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇന്ന് തന്നെ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തീരുമാനം വൈകരുതെന്നും സിബല്‍ കോടതിയില്‍ പറഞ്ഞു.

ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രോവിഡന്റ് ഫണ്ട് വിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തുകൂടെയെന്ന് കോടതി ആരാഞ്ഞത്. എന്നാല്‍, ഈ വിഷയം പൊതു ധനകാര്യ മേഖലയെ ബാധിക്കുന്നതാണെന്നും വലിയ മാനങ്ങളുള്ളതാണെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്വയം ഭരണത്തിൽ കേന്ദ്രം കടന്നു കയറുന്നുവെന്നാണ് കേരളത്തിൻ്റെ ആക്ഷേപം.