സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി
January 23, 2024ന്യൂഡൽഹി: സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുന്നതിനുള്ള അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ച് കേന്ദ്രസർക്കാർ. 10 ശതമാനം അടിസ്ഥാന ഇറക്കുമതി നികുതിയും അഞ്ച് ശതമാനം കാർഷിക അടിസ്ഥാന വികസന സെസുമാണ്. വർധന കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു.
ഇതോടെ സ്വർണത്തിനുള്ള ഇറക്കുമതി തീരുവക്കൊപ്പമായി സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ തീരുവയും. സ്വർണത്തിന് 12.5 ശതമാനം ഇറക്കുമതി തീരുവയും 2.5 ശതമാനം കാർഷിക അടിസ്ഥാന വികസന സെസുമാണ്.
സ്വർണ കമ്മലിനും മൂക്കുത്തിക്കുമുള്ള കൊളുത്ത്, ക്ലാമ്പ്, പിൻ, സ്ക്രൂ തുടങ്ങിയ നിർമാണ അനുബന്ധ വസ്തുക്കൾ അസംസ്കൃത വസ്തുക്കളെന്ന പേരിലാണ് വ്യാപാരികൾ ഇറക്കുമതി ചെയ്തിരുന്നത്. ഇതിന് അഞ്ച് ശതമാനത്തിൽ താഴെ നികുതി കൊടുത്താൽ മതിയാകുമായിരുന്നു. ഇത് തടയുന്നതിനും കൂടി വേണ്ടിയാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്.