ഇന്‍സ്റ്റാഗ്രാം മേധാവികള്‍ രാജിവെച്ചു

ഇന്‍സ്റ്റാഗ്രാം മേധാവികള്‍ രാജിവെച്ചു

September 27, 2018 0 By

ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാപകര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു. കമ്പനിയുടെ സിഇഓമാരായ കെവിന്‍ സിസ്ട്രോം, മൈക്ക് ക്രീഗര്‍ എന്നിവരാണ് രാജിവെച്ചത്. യാതൊരു വിശദീകരണവുമില്ലാതെയായിരുന്നു രാജി. താനും മൈക്ക് ക്രീഗനും ആഴ്ചകള്‍ക്കുള്ളില്‍ കമ്പനി വിടുമെന്ന് തിങ്കളാഴ്ച കെവിന്‍ സിസ്ട്രോം അറിയിച്ചിരുന്നു. തങ്ങളുടെ ഞങ്ങളുടെ ജിജ്ഞാസയും സര്‍ഗ്ഗാത്മകതയും അടുത്തറിയാന്‍ തങ്ങള്‍ക്ക് സമയം വേണമെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്.

കഴിഞ്ഞ എട്ട് വര്‍ഷം ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കാനായതും ഫെയ്സ്ബുക്കിനൊപ്പം ആറ് വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും ഏറെ സന്തോഷം തരുന്നതാണ് എന്ന് ഇരുവരും പറഞ്ഞു. 13 പേരുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് ലോകമെമ്പാടും ഓഫീസുകളും ആയിരക്കണക്കിനാളുകളുമുണ്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കോടിക്കണക്കിനാളുകള്‍ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ അടുത്ത അധ്യായത്തിലേക്ക് കടക്കാന്‍ തയ്യാറാണ്.

2010 ല്‍ സ്ഥാപിക്കപ്പെട്ട ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പുറത്തിറങ്ങാന്‍ ഇതല്ലാതെ മറ്റൊരു വ്യക്തമായ വിശദീകരണവും ഇരുവരും തന്നിട്ടില്ല.

2012 ലാണ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റാഗ്രാമിനെ ഏറ്റെടുക്കുന്നത്. അക്കാലത്തെ ഏറ്റവും വലിയ തുകയായ നൂറ് കോടി ഡോളറിനായിരുന്നു ഈ ഇടപാട്. ഫെയ്സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം വലിയ വളര്‍ച്ചയാണ് ഇന്‍സ്റ്റാഗ്രാമിനുണ്ടായത്. ഫെയ്സ്ബുക്കിനെ പോലും വെല്ലുവിളിക്കും വിധം ഉപയോക്താക്കളുടെ എണ്ണവും ഇന്‍സ്റ്റാഗ്രാമിന് കൂടി.

ഫെയ്സ്ബുക്കുമായി ഇരു മേധാവികള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് വിവരം. പരസ്യങ്ങള്‍ ഒട്ടുമില്ലാതിരുന്ന ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ കച്ചവടവത്കരിക്കാനുള്ള നീക്കം ഇതിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. മുമ്പ് വാട്സ്ആപ്പ് മേധാവികളും ഫെയ്സ്ബുക്കുമായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ രാജിവെച്ചിരുന്നു.