സ്വർണക്കുതിപ്പ്; വില സർവകാല റെക്കോഡിൽ

സ്വർണക്കുതിപ്പ്; വില സർവകാല റെക്കോഡിൽ

November 29, 2023 0 By BizNews

കോഴിക്കോട്: സ്വർണവിലയിൽ വൻ വർധനവ്. പവന് 600 രൂപ വർധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായി. സർവകാല റെക്കോഡിലാണ് പവൻ വില. 45,880 രൂപയായിരുന്നു ഇന്നലെ വില.

നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്.

അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

പശ്ചിമേഷ്യയിലെ വെടിനിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാൽ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്‍റെ സൂചനകളും, ചൈനയിൽ പുതിയ പനി പടരുന്നതായുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.