മുഹൂർത്ത വ്യാപരത്തിൽ തിളങ്ങി ഓഹരി വിപണി
November 12, 2023 0 By BizNewsമുംബൈ: മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലെ അടിസ്ഥാന സൂചികയായ സെൻസെക്സും, നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദു വർഷമായ വിക്ര൦ സാംവദ് (വര്ഷം) 2080ന്റെ ആദ്യ ദിവസം നടന്ന ഒരു മണിക്കൂർ പ്രത്യേക വ്യാപാരത്തിൽ സെൻസെക്സ് 354.77 (0.55%) പോയിന്റ് ഉയർന്നു 65,259.451ൽ എത്തിയപ്പോൾ, നിഫ്റ്റി 100.20 (0.52%) പോയിന്റ് നേട്ടത്തിൽ 19,525.5ൽ എത്തി.
അടുത്ത വർഷങ്ങളിലെ ഏറ്റവും വലിയ നേട്ടത്തിൽ അവസാനിച്ച ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നിക്ഷേപകർക്ക് 2.2 ലക്ഷം കോടി രൂപയാണ് നേടി കൊടുത്തത്. മൊത്തം വിപണി മൂല്യം 320.3 ലക്ഷം കോടിയിൽ നിന്ന് 322.5 ലക്ഷം കോടിയായി ഉയർന്നു.
മിഡ്‌ക്യാപ് ഓഹരികളും, സ്മാൾക്യാപ് ഓഹരികളും മുഹൂർത്ത വ്യാപാരത്തിൽ മുൻനിര ഓഹരികളേക്കാൾ മുന്നിലെത്തി. ബിഎസ്സി മിഡ്‌ക്യാപ് സൂചിക 0.67 ശതമാനവും, സ്മാൾക്യാപ് 1.14 ശതമാനവും നേട്ടമുണ്ടാക്കി.
30 ഓഹരികളുള്ള സെൻസെക്സ്ൽ ഇൻഫോസിസ്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ടി സി എസ് എന്നിവയാണ് ഏറ്റവും നേട്ടം ഉണ്ടാക്കിയത്. സൺ ഫാർമയും, അൾട്രാടെക് സിമെന്റും നിക്ഷേപകരെ നിരാശപ്പെടുത്തി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി-50 സൂചികയിൽ, കോൾ ഇന്ത്യയും, ഇൻഫോസിസും, വിപ്രോയും, യുപിഎല്ലും, എയ്ചർ മോട്ടോഴ്സും ഏറ്റവും അധികം നേട്ടം കൊയ്തപ്പോൾ, ബ്രിട്ടാനിയായും, സൺ ഫാർമയും, അപ്പോളോ ഹോസ്പിറ്റലും നിക്ഷേപകർക്ക് ദീപാവലി ദിവസം നഷ്ടമാണ് സമ്മാനിച്ചത്.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളിൽ 43 എണ്ണവും മുഹൂർത്ത വ്യാപാരത്തിൽ നിക്ഷേപകർക്ക് നേട്ടം സമ്മാനിച്ചു.
എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ഐ ടി 0.72 ശതമാനവും, മെറ്റൽ-റീയൽറ്റി 0 6 ശതമാനവും നേട്ട൦ ഉണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 0.6 ശതമാനം ഉയർന്നു 43,996 .65ൽ എത്തി.
വിക്രം സാംവദിന്റെ ആദ്യ ദിവസമായ ദീപാവലി നാളിൽ ഇന്ത്യയിലെ ഭൂരിപക്ഷം നിക്ഷേപകരും ആ വർഷം മുഴുവൻ ഐശ്വര്യം നൽകും എന്ന വിശ്വാസത്തിൽ കുറച്ചു ഓഹരികൾ വാങ്ങും. അതിനാൽ എല്ലാ മുഹൂർത് (മുഹൂർത്തം) വ്യാപാരത്തിലും വിപണി നേട്ടത്തിലായിക്കും അവസാനിക്കുക.
സാമ്പത്തിക വിദഗ്ധർ ഭൂരിപക്ഷവും വിക്ര൦ സാംവദ് 2080നെ കുറിച്ചു ശുഭ പ്രതീക്ഷയുള്ളവരാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ശക്തിയാണ് ഇവർ ഇതിനായി ചൂണ്ടികാണിക്കുന്നത്.