നിലം തരംമാറ്റലിലൂടെ ഖജനാവിലെത്തിയത് 1200 കോടി

നിലം തരംമാറ്റലിലൂടെ ഖജനാവിലെത്തിയത് 1200 കോടി

November 8, 2023 0 By BizNews

കൊല്ലം: സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനസർക്കാരിന് നിലം തരംമാറ്റൽ ലോട്ടറിയായി. റവന്യൂ രേഖകളിൽ നിലമായിക്കിടക്കുന്ന ഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനുള്ള ഫീസിനത്തിൽ സർക്കാർ ഖജനാവിലെത്തിയത് 12,02.72 കോടി രൂപ.

ഒരുലക്ഷത്തിൽ താഴെ അപേക്ഷകൾ തീർപ്പാക്കിയപ്പോഴാണിത്. ഇനി 2.6 ലക്ഷം അപേക്ഷകൾ പരിഗണിക്കാനുണ്ട്. ഇവകൂടി തീർപ്പാക്കുമ്പോൾ 2500 കോടിയിലേറെ രൂപകൂടി കിട്ടുമെന്നാണ് പ്രതീക്ഷ.

മൂന്നരലക്ഷത്തിലേറെ അപേക്ഷകളാണ് തരംമാറ്റാനായി സംസ്ഥാനമെമ്പാടുമുള്ള റവന്യൂ ഓഫീസുകളിലെത്തിയത്. ഓരോ അപേക്ഷയ്ക്കുമൊപ്പം 1000 രൂപ ഫീസടയ്ക്കണം. ഈ ഇനത്തിൽ മാത്രം 35 കോടിയിലേറെ ലഭിച്ചു.

2022-23 സാമ്പത്തികവർഷം 385.79 കോടിരൂപ തരംമാറ്റ ഫീസായി ഖജനാവിലെത്തി. ഈ സാമ്പത്തികവർഷം മാസം ശരാശരി 30 കോടിയാണ് സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ നിലംതരംമാറ്റൽ നടത്തിയത് എറണാകുളം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും. കൂടുതൽ അപേക്ഷകൾ ലഭിച്ചതും തീർപ്പാക്കിയതും കൊച്ചി നഗരം ഉൾപ്പെടുന്ന ഫോർട്ട് കൊച്ചി ആർ.ഡി.ഒ. ഓഫീസ് പരിധിയിലാണ്.

ഫീസ് ഇപ്രകാരം
25 സെന്റുമുതൽ ഒരേക്കർവരെ നിലം തരംമാറ്റുന്നതിന് സമീപത്തെ കരഭൂമി(പുരയിടം)യ്ക്ക് നിലവിലുള്ള ന്യായവിലയുടെ 10 ശതമാനവും ഒരേക്കറിന് മുകളിലുള്ള നിലത്തിന് 20 ശതമാനവും പ്രത്യേകം ഫീസടയ്ക്കണം.

അപേക്ഷ നൽകേണ്ടത് ആർ.ഡി.ഒ.യ്ക്ക്
നിലം പുരയിടമാക്കിമാറ്റാനുള്ള അപേക്ഷ ഓൺലൈനായി നൽകേണ്ടത് ആർ.ഡി.ഒ.യ്ക്കാണ്. ഇത് വില്ലേജ് ഓഫീസിലേക്കയച്ച് റിപ്പോർട്ട് തേടും. ഇതിന്റെ അടിസ്ഥാനത്തിൽ തരംമാറ്റൽ ഉത്തരവ് പുറത്തിറക്കി രേഖകളിൽ പുരയിടമാക്കും.

പുതിയ ഭൂനികുതി അടയ്ത്തുന്നതോടെ നടപടികൾ പൂർത്തിയാകും. കൃഷിയോഗ്യമായ നിലത്തിന്റെ വിവരങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ള ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ തരംമാറ്റം എളുപ്പമാണ്. ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നിലവിൽവന്ന 2008 ഓഗസ്റ്റ് 12-നുമുമ്പ് നികത്തിയ ഭൂമിയാണെങ്കിൽ തരംമാറ്റാനാകും.

ഇതിനായി ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാനായി ആർ.ഡി.ഒ.യ്ക്ക് അപേക്ഷനൽകണം. ഉപഗ്രഹചിത്രം പരിശോധിച്ച് കൃഷി ഓഫീസറാണ് ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാൻ ശുപാർശചെയ്യുക.

ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കിയതായി ആർ.ഡി.ഒ. ഉത്തരവിറക്കിയാൽ, തരംമാറ്റൽ അപേക്ഷ നൽകാം.