സവാള വില വീണ്ടും കുതിക്കുന്നു

സവാള വില വീണ്ടും കുതിക്കുന്നു

October 27, 2023 0 By BizNews

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതോടെ സവാള വില വീണ്ടും കുതിക്കുന്നു. കൊച്ചി മൊത്ത വിപണിയിൽ സവാള വില കിലോയ്ക്ക് 57 രൂപ കടന്നു.

പുതിയ വിള വിപണിയിൽ എത്താൻ വൈകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ വില 80 രൂപ കടക്കാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

മഹാരാഷ്ട്രയിലെ നാസിക്കിൽ രണ്ടാഴ്ചയ്ക്കിടെ സവാള വില 60 ശതമാനമാണ് കൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ സവാള വരവിൽ 40 ശതമാനം വരെ കുറവുണ്ടായി. വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ വിൽപ്പന വൈകിക്കുന്നതും സമ്മർദ്ദം ശക്തമാക്കുന്നു.

ഉത്പാദനം കുത്തനെ കുറയുമെന്ന ആശങ്ക ശക്തമായതോടെ ആഗസ്റ്റ് 25 ന് കേന്ദ്ര സർക്കാർ സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം നികുതി ‌ഏർപ്പെടുത്തിയിരുന്നു, ഇതോടൊപ്പം നാഫെഡ് സമാഹരിച്ച സവാള വിപണിയിൽ വിറ്റഴിക്കാനും തുടങ്ങി.

എങ്കിലും ഉത്പാദനത്തിലുണ്ടായ ഇടിവ് മറികടക്കാൻ കഴിയാത്തതിനാലാണ് വില കുത്തനെ ഉയരുന്നതെന്ന് വ്യാപാരികൾ പറയുന്നു.

നാഫെഡിന്റെ വിവിധ ഔട്ട്ലെറ്റുകളിലൂടെ കിലോഗ്രാമിന് 25 രൂപയ്ക്ക് സവാള വിൽക്കുന്നുണ്ട്.