ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും തകർച്ച
September 21, 2023മുംബൈ: യു.എസ് ഫെഡറൽ റിസർവിന്റെ വായ്പനയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ്. പലിശനിരക്കുകളിൽ മാറ്റം വരുത്താതിരുന്ന ഫെഡറൽ റിസർവ് പണപ്പെരുപ്പം ഉയർന്നാൽ നിരക്കുയർത്തുമെന്ന സൂചനയും നൽകി. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവുണ്ടായത്.
തുടർച്ചയായ മൂന്നാം സെഷനിലാണ് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. 506 പോയിന്റ് നഷ്ടത്തോടെ 66,286 പോയിന്റിലാണ് ബോംബെ സൂചിക സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 160 പോയിന്റ് നഷ്ടത്തോടെ 19,740 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും ഡോളർ കരുത്താർജിച്ചതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് സൂചികകളും നഷ്ടത്തോടെയാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 1.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്.