ബിപിസിഎൽ സിബിജി പ്ലാന്റ് സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ

ബിപിസിഎൽ സിബിജി പ്ലാന്റ് സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ

September 20, 2023 0 By BizNews

കൊച്ചി: ബ്രഹ്മപുരത്തു നിർമിക്കുന്ന മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) അടുത്ത മാസം ഒന്നിന് സംസ്ഥാന സർക്കാരിനു സമർപ്പിക്കും.

കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടി സമാനമായ പദ്ധതി ബിപിസിഎൽ നടപ്പാക്കിയേക്കും. ബ്രഹ്മപുരത്തെ ഭൂമിയുടെ സർവേ നടത്തി പദ്ധതിക്കായി 10 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

മണ്ണ് പരിശോധന ഫലം, പദ്ധതിയുടെ ഡിപിആർ, മാലിന്യത്തിന്റെ നിലവാരവും അളവും സംബന്ധിച്ച കൊച്ചി കോർപറേഷന്റെ റിപ്പോർട്ട് എന്നിവ അടുത്തയാഴ്ച ലഭ്യമാകും.

അന്തിമ അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ നിർമാണ ജോലികൾ ആരംഭിക്കും. പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ്, എ‍ൻജിനീയറിങ്, കൺസ്ട്രക്‌ഷൻ മാനേജ്മെന്റ് കൺസൽറ്റന്റായി എയ്റോക്സ് നൈജൻ എക്യുപ്മെന്റ്സ് ലിമിറ്റഡിനെ ഓഗസ്റ്റിൽ ബിപിസിഎൽ നിയോഗിച്ചിരുന്നു.

മുഴുവൻ ചെലവും ബിപിസിഎൽ വഹിക്കുന്ന പദ്ധതിക്ക് 85–90 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.

ബിപിസിഎൽ ചെയർമാനായ മലയാളി ജി. കൃഷ്ണകുമാർ പ്രത്യേകം താൽപര്യമെടുത്താണു സംസ്ഥാനത്തു സിബിജി പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ നഗരങ്ങളിൽ ഏതെങ്കിലും രണ്ടിടത്തു കൂടി സമാന പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലാണ്.

കോഴിക്കോട് പരിഗണനയിലുണ്ടായെങ്കിലും നിലവിൽ അവിടെ വൈദ്യുതി പദ്ധതി ആരംഭിക്കാൻ സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയിരിക്കുകയാണ്.

കോട്ടയം ജില്ലയിൽ മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പദ്ധതി സംബന്ധിച്ചു ചങ്ങനാശേരിയിൽ ജനപ്രതിനിധികളുമായി ഗെയ്‌ൽ ഇന്നലെ ചർച്ച നടത്തി.

സിബിജി പദ്ധതികളിൽ ഗെയ്ൽ നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭൂമി ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ‌സർക്കാരും തദ്ദേശ സ്ഥാപനങ്ങളും അനുകൂലമായി പ്രതികരിച്ചിരുന്നില്ല.