11.86 ലക്ഷം കോടിരൂപയുടെ ആയുധക്കരാര്‍ ഒപ്പിട്ട് യുഎസും സൗദിയും

11.86 ലക്ഷം കോടിരൂപയുടെ ആയുധക്കരാര്‍ ഒപ്പിട്ട് യുഎസും സൗദിയും

Spread the News
11.86 ലക്ഷം കോടിരൂപയുടെ ആയുധക്കരാര്‍ ഒപ്പിട്ട് യുഎസും സൗദിയും

റിയാദ്: പശ്ചിമേഷ്യാസന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 14,200 കോടി ഡോളറിന്റെ (11.86 ലക്ഷം കോടിയോളം രൂപ) ആയുധക്കരാറിലൊപ്പിട്ടു.

‘ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെ’ന്നാണ് കരാറിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയ്ക്കുശേഷമാണ് ഇരുനേതാക്കളും കരാറിലൊപ്പുവെച്ചത്.

യുദ്ധ മുഖത്തുപയോഗിക്കാവുന്ന അത്യാധുനികശേഷിയുള്ള ആയുധങ്ങളും സൈനികോപകരണങ്ങളും സാങ്കേതികവിദ്യയും യുഎസ് സൗദിക്ക് കൈമാറും. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ നിർമിതിബുദ്ധിമേഖലയിൽ 2000 കോടി ഡോളർ (1.74 ലക്ഷംകോടി രൂപ) നിക്ഷേപിക്കാൻ സൗദി കമ്പനിയായ ഡേറ്റാവോൾട്ട് തീരുമാനിച്ചു.

ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ്, സൗദിയുമായി ആയുധക്കരാറിലെത്തുന്നത് സൗദി-ഇസ്രയേൽ ബന്ധം മെച്ചപ്പെടുന്നതിനിടയാക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേലിന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന അബ്രഹാം ഉടമ്പടി വിപുലമാക്കുകയെന്നതും ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന്റെ ലക്ഷ്യമാണെന്ന് വിദഗ്ധർ വിലയിരുത്തിയിരുന്നു.

അബ്രഹാം ഉടമ്പടിയിൽ ഉൾപ്പെടാത്ത രാജ്യമാണ് സൗദി. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കണമെങ്കിൽ ഗാസയിൽ വെടിനിർത്തൽ വേണമെന്നാണ് സൗദിയുടെ നിലപാട്.
ചൊവ്വാഴ്ച യുഎസ്-സൗദി നിക്ഷേപക സമ്മേളനത്തിൽ ട്രംപ് പങ്കെടുത്തു.

ബുധനാഴ്ച ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സംയുക്തസമ്മേളനത്തെ ട്രംപ് അഭിസംബോധന ചെയ്യും. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയാണിത്.

ജനുവരിയിൽ വീണ്ടും അധികാരത്തിലെത്തിയശേഷം ഡൊണാൾഡ് ട്രംപ് ആദ്യം ഫോണിൽ സംസാരിച്ചത് സൗദി കിരീടാവകാശിയുമായാണ്. 2017-ൽ പ്രസിഡന്റായപ്പോൾ അദ്ദേഹം ആദ്യം സന്ദർശിച്ച വിദേശരാജ്യം സൗദിയായിരുന്നു.

നാലുദിവസത്തെ പര്യടനത്തിനിടെ യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളും ട്രംപ് സന്ദർശിക്കും. ഗാസയിലെ വെടിനിർത്തൽ, യുദ്ധാനന്തര ഗാസയുടെ പുനർനിർമാണം, യുഎസ്-ഇറാൻ ആണവക്കരാർ എന്നിവയൊക്കെ ട്രംപിന്റെ സന്ദർശനത്തിൽ ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *