ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തി

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം മൂഡീസ് ഉയര്‍ത്തി

September 1, 2023 0 By BizNews

ന്യൂഡല്‍ഹി: 2023 ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ അനുമാനം, റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തി. നടപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച 6.7 ശതമാനമാകുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. 5.5 ശതമാനമായിരുന്നു നേരത്തെയുള്ള അനുമാനം.

ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നയുടനെയാണ് മൂഡീസ് മുഴുവന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്. അതേസമയം 2024 കലണ്ടര്‍ വര്‍ഷത്തെ ജിഡിപി അനുമാനം 6.1 ശതമാനമാക്കി കുറയ്ക്കാന്‍ അവര്‍ തയ്യാറായിട്ടുണ്ട്.

നേരത്തെ 6.5 ശതമാനമാണ് കണക്കാക്കിയിരുന്നത്. മഴ ശരാശരിയിലൊതുങ്ങുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരും. കൂടാതെ, 2023 ന്റെ രണ്ടാം പകുതിയിലും 2024 ന്റെ തുടക്കത്തിലും കാര്‍ഷിക ചരക്കുകളുടെ വിലയും ഉയരും.

രാജ്യത്തുടനീളം ഒമ്പത് ശതമാനം മഴയുടെ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കണക്കാക്കുന്നു. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക്, മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റില്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല 2023-24 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ നിലനിര്‍ത്താനും കേന്ദ്ര ബാങ്ക് തയ്യാറായി.