മാറ്റമില്ലാതെ വിപണി, നിഫ്റ്റി 19340 ലെവലില്‍
August 30, 2023 0 By BizNewsമുംബൈ: പ്രതിമാസ എഫ് & ഒ കാലഹരണത്തിന് മുന്നോടിയായി ഇന്ത്യന്‍ ഇക്വിറ്റി വിപണി നേട്ടത്തിലായി. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അസ്ഥിരമായ സെഷനുകളില്‍ സൂചികകള്‍ പോസിറ്റീവ് ക്ലോസിംഗ് നടത്തുന്നത്. സെന്‍സെക്‌സ് 11.43 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 65087.25 ലെവലിലും നിഫ്റ്റി 4.80 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 19347.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
മികച്ച നേട്ടത്തോടെ തുടങ്ങിയെങ്കിലും അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയെ തിരുത്തലിന് വിധേയമാക്കിയത്.ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, എം ആന്‍ഡ് എം, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്ബിഐ, ബിപിസിഎല്‍, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ കനത്ത നഷ്ടം നേരിട്ടു.
മേഖലാതലത്തില്‍ റിയല്‍റ്റി സൂചിക ഒരു ശതമാനവും ഓട്ടോ, എഫ്എംസിജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍ എന്നിവ 0.5 ശതമാനം വീതവും ഉയര്‍ന്നപ്പോള്‍ വൈദ്യുതി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5-0.8 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.