ഇൻകെലിന്റെ വിറ്റുവരവ് 100കോടി കടന്നു

July 24, 2023 0 By BizNews

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇൻകെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയർന്നു. ഇതാദ്യമായാണിന് നൂറ് കോടി കവിയുന്നത്. കഴിഞ്ഞ വർഷം 81.16കോടിയായിരുന്നു.

പ്രവർത്തന ലാഭം 1.16കോടി രൂപയിൽ നിന്ന് 12.87കോടി രൂപയായി ഉയർന്നു. സൗരോർജ്ജ പദ്ധതികളുൾപ്പെടെ പുനരുപയോഗ ഊർജ്ജപദ്ധതികൾ നടപ്പാക്കുന്നതിലെ മുന്നേറ്റമാണ് ഈ കുതിപ്പ് സാധ്യമാക്കിയതെന്ന് ഇൻകെൽ ചെയർമാനും വ്യവസായ മന്ത്രിയുമായ പി.രാജീവ് പറഞ്ഞു.

സൗരോർജ്ജ മേഖലയിൽ 45കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇൻകെൽ ഏറ്റെടുത്ത കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ, എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് തുടങ്ങിയ വൻകിട പദ്ധതികൾ നടപ്പുവർഷം കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കും.

വെയർഹൗസുകൾ, സൗരോർജ്ജം, കാറ്റാടി ഊർജ്ജ പദ്ധതികൾ തുടങ്ങിയ പുതിയ സംരംഭങ്ങളിൽ 487 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കും ഇന്നലെ ചേർന്ന ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

25 വർഷത്തേക്ക് കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉത്പാദിപ്പിച്ച് നൽകുന്നതിനായി ഇൻകെലിന്റെ പാലക്കാട്ടെ ഭൂമിയിൽ 14 മെഗാവാട്ട് വിൻഡ് എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്.

വരുന്ന മൂന്ന് വർഷത്തിനുള്ളിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയി മാറാനും ഇൻകെൽ തീരുമാനിച്ചു.

2023- 24 സാമ്പത്തിക വർഷം 190കോടിയുടെ വിറ്റുവരവും 18.32 കോടിയുടെ ലാഭം നേടുകയുമാണ് ലക്ഷ്യം.