
എഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍
April 19, 2025 0 By BizNews
സന്തുലിതവും നീതിയുക്തവുമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഇന്ത്യ വികസിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍.
യൂറോപ്യന്‍ യൂണിയന്‍ (ഇയു), ഒമാന്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്ന സാഹചര്യത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി(ഐഎംഇസി ) കോണ്‍ക്ലേവ് 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, ലോജിസ്റ്റിക്‌സ് ചെലവുകള്‍ കുറയ്ക്കുന്നതിനും ഈ ഇടനാഴി സഹായിക്കും. ഒരു വഴിത്തിരിവ് സംരംഭമായി കണക്കാക്കപ്പെടുന്ന ഈ സാമ്പത്തിക ഇടനാഴി, ഏഷ്യ, മിഡില്‍ ഈസ്റ്റ്, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കും.
ഇന്ത്യ, സൗദി അറേബ്യ, യുഎസ്, യൂറോപ്പ് എന്നിവയ്ക്കിടയില്‍ വിശാലമായ റോഡ്, റെയില്‍, ഷിപ്പിംഗ് ശൃംഖലകള്‍ ഇതില്‍ വിഭാവനം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഐഎംഇസി രൂപീകരിച്ചത്. ഇന്ത്യ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ, യുഎസ്, മറ്റ് ചില ജി20 പങ്കാളികള്‍ എന്നിവര്‍ ഇടനാഴിക്കായി കരാറില്‍ ഒപ്പുവച്ചു.
സാമ്പത്തിക ലോകത്തിന് അവസരങ്ങള്‍ തുറക്കാനും ഇതിന് കഴിയുമെന്ന് ഗോയല്‍ പറഞ്ഞു.
ഈ രാജ്യങ്ങളിലെ പ്രക്രിയകള്‍, നടപടിക്രമങ്ങള്‍, വ്യാപാര രീതികള്‍, കസ്റ്റംസ് യൂണിയന്‍, പേപ്പര്‍വര്‍ക്കുകള്‍ എന്നിവയില്‍ നിയന്ത്രണ രീതികള്‍ സമന്വയിപ്പിക്കുന്നതിനും മെച്ചപ്പെട്ട വിന്യാസം ഉറപ്പാക്കുന്നതിനും രാജ്യങ്ങള്‍ക്ക് ശ്രമിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതി വാഗ്ദാനം ചെയ്യുന്ന ബഹുമുഖ മാനം അംഗരാജ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയും യുഎഇയും ഒരു വെര്‍ച്വല്‍ വ്യാപാര ഇടനാഴിക്കായി ചര്‍ച്ച നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.