ഓഹരി വില്പ്പന: ബൈജൂസ് പ്രൊമോട്ടര്മാര് 400 മില്യണ് ഡോളറിലധികം നേടി – റിപ്പോര്ട്ട്
July 4, 2023 1 By BizNewsബെഗളൂരു: എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന് ബൈജു രവീന്ദ്രന്, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുല്നാഥ്, സഹോദരന് റിജു രവീന്ദ്രന് എന്നിവര് കമ്പനിയിലെ തങ്ങളുടെ ഓഹരികള് ദ്വതീയ വിപണിയില് വിറ്റഴിച്ചു. ഇതുവഴി 2015 തൊട്ട് മൂവരും 408.53 മില്യണ് ഡോളറാണ് സമ്പാദിച്ചത്.
സ്വകാര്യ മാര്ക്കറ്റ് ഇന്റലിജന്സ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സര്ക്കിള് റിസര്ച്ചിന്റെ റിപ്പോര്ട്ടാണ് ഇക്കാര്യം വെളിപെടുത്തുന്നത്.
2015 തൊട്ട് ഇതുവരെ പ്രമോട്ടര്മാര് 40 സെക്കന്ററി ഇടപാടുകളിലാണ് പങ്കെടുത്തത്. ഇതോടെ അവരുടെ ഓഹരി പങ്കാളിത്തം 71.6 ശതമാനത്തില് നിന്നും 21.2 ശതമാനമായി കുറഞ്ഞു. ഈ കാലയളവില് ബൈജു രവീന്ദ്രന് 3.28 മില്യണ് ഡോളര് വിലമതിക്കുന്ന 29306 ഓഹരികളും ദിവ്യ ഗോകുല് നാഥ് 29.40 മില്യണ് ഡോളര് വിലമതിക്കുന്ന 64565 ഓഹരികളും റിജു രവീന്ദ്രന് 375.83 മില്യണ് ഡോളര് വിലമതിക്കുന്ന 3,37,911 ഓഹരികളും വില്പന നടത്തി.
സില്വര് ലേക്ക് പാര്ട്ണേഴ്സ്, ബ്ലാക്ക്റോക്ക്, ടി റോവ് പ്രൈസ്, ചാന് സക്കര്ബര്ഗ്, ഓള് വെഞ്ച്വേഴ്സ്, നാസ്പേഴ്സ്, ടൈംസ് ഇന്റര്നെറ്റ്, ലൈറ്റ്സ്പീഡ് വെഞ്ച്വേഴ്സ്, പ്രോക്സിമ ബീറ്റ, നാസ്പേഴ്സ് വെഞ്ച്വേഴ്സ്, ജനറല് അറ്റ്ലാന്റിക്, അല്കിയോണ് എന്നിവയുള്പ്പെടെ ഒന്നിലധികം നിക്ഷേപകര് ബൈജൂസിന്റെ ദ്വിതീയ ഇടപാടുകളില് പങ്കെടുത്തിട്ടുണ്ട്. അതേസമയം സമാഹരിച്ച തുക ബിസിനസിലേയ്ക്ക് വീണ്ടും നിക്ഷേപിച്ചതായി കമ്പനി വക്താവ് ബിസിനസ് ടുഡേയോട് പ്രതികരിച്ചു. പ്രൈവറ്റ്സര്ക്കിള് റിസര്ച്ച് നടത്തി വെളിപെടുത്തല് പ്രകാരം ഇടപാടുകള് ഡിസ്ക്കൗണ്ട് മൂല്യത്തിലാണ് നടത്തിയിരിക്കുന്നത്.
കനത്ത പ്രതിസന്ധിയിലാണ് നിലവില് ബൈജൂസുള്ളത്. സാമ്പത്തിക ഫലങ്ങള് തയ്യാറാക്കത്തതിന്റെ പേരില് ഓഡിറ്റര്മാരായിരുന്ന ഡിലോയിറ്റ് രാജിവച്ചിരുന്നു. ഡയറക്ടര്ബോര്ഡ് അംഗങ്ങളായ നിക്ഷേപകരും രാജി സമര്പ്പിച്ചു. വായ്പ പുന: ക്രമീകരിക്കണമെന്ന കമ്പനിയുടെ ആവശ്യം വായ്പാദാതാക്കള് തള്ളിയിട്ടുണ്ട്.
എന്ത് നേടിയിട്ടും കാര്യം ഇല്ല ഒരു പാട് പാവം രക്ഷിതാക്കളുടെ പിരാക്ക് ആണ് , പറ്റിക്കുമ്പോൾ പറ്റിക്ക പെടുന്നവരുടെ സാമ്പത്തിക സ്ഥിതി നോക്കി എങ്കിൽ ഈ ഗതി വരില്ല