2000 രൂപ നോട്ടുകളിൽ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ
June 25, 2023ന്യൂഡൽഹി: 2000 രൂപ നോട്ടുകളിൽ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 2.62 ലക്ഷം കോടിയുടെ നോട്ടുകളാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുകയോ മാറിയെടുക്കുകയോ ചെയ്തതെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ആർ.ബി.ഐ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30നകം നോട്ടുകൾ പൊതുജനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. മെയ് 23 മുതൽ നോട്ടുകൾ മാറിയെടുക്കാമെന്നാണ് ആർ.ബി.ഐ അറിയിച്ചത്.
നോട്ടുകൾ മാറുന്നത് മൂലം ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റാതിരിക്കാൻ ഒറ്റതവണയായി 20,000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാവുവെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. നിലവിൽ സർക്കുലേഷനിലുള്ള നോട്ടുകളിൽ 89 ശതമാനം 2000 രൂപ നോട്ടുകളും 2017ന് മുമ്പ് അച്ചടിച്ചതാണ്. 2017ന് ശേഷം ആർ.ബി.ഐ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു.