ഒത്തുതീര്‍പ്പ് സര്‍ക്കുലര്‍ തട്ടിപ്പുകാരെ സംരക്ഷിക്കുന്നില്ലെന്ന് ആര്‍ബിഐ, ബാങ്കുകള്‍ക്ക് ‘വിവേചനാധികാരം’ പ്രയോഗിക്കാം

June 21, 2023 0 By BizNews

ന്യൂഡല്‍ഹി: മന: പൂര്‍വ്വം വീഴ്ചവരുത്തിയവരുമായി വായ്പ സെറ്റില്‍മെന്റ് നടത്താന്‍ ബാങ്കുകളെ അനുവദിക്കുന്ന സര്‍ക്കുലറിനെ ന്യായീകരിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഇക്കാര്യത്തില്‍ പുതിയ വ്യവസ്ഥകളൊന്നും ചേര്‍ത്തിട്ടില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ 15 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണെന്നും കേന്ദ്രബാങ്ക് പറഞ്ഞു. വ്യവസ്ഥകള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കിടെയാണ് വിശദീകരണം.

കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ജൂണ്‍ 8 ന് പുറത്തിറക്കിയ സര്‍ക്കുലറിനെക്കുറിച്ച് ആര്‍ബിഐ ‘പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ (എഫ്എക്യു)’ പുറത്തിറക്കി.

”മനഃപൂര്‍വ്വം വീഴ്ച വരുത്തുന്ന, തട്ടിപ്പുകാരുമായി ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെടാന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്ന വ്യവസ്ഥ ഒരു പുതിയ റെഗുലേറ്ററി നിര്‍ദ്ദേശമല്ല. 15 വര്‍ഷത്തിലേറെയായി ഇത് നിലവിലുണ്ട്,” അതില്‍ ആര്‍ബിഐ പറയുന്നു. മെയ് 10,2007 ന് ബാങ്കുകള്‍ക്ക് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രബാങ്കിന്റെ പരാമര്‍ശം.

ക്രിമിനല്‍ നടപടികള്‍ നേരിടുന്ന വായ്പ എടുത്തവരുമായി സെറ്റില്‍മെന്റിലെത്താന്‍ കത്തില്‍ ആര്‍ബിഐ ബാങ്കുകളെ ഉപദേശിക്കുന്നു. മാത്രമല്ല വായ്പയെടുത്തവര്‍ക്ക് ബാധകമായ ശിക്ഷാ നടപടികളെ സമീപകാല സര്‍ക്കുലര്‍ ദുര്‍ബലപ്പെടുത്തുന്നില്ല. തട്ടിപ്പുകാര് അല്ലെങ്കില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ സെറ്റില്‍മെന്റിന് ശേഷവും ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും.

ഇത്തരം ആളുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അധിക സൗകര്യങ്ങള്‍ നല്‍കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന: പൂര്‍വ്വം വീഴ്ച വരുത്തിയവരുടെ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടാലും അത്തരം കമ്പനികള്‍ (പ്രമോട്ടര്‍മാര്‍, സംരംഭകരുള്‍പ്പടെ)പുതിയ സംരഭമാരംഭിക്കുന്നതിനുള്ള ധനസഹായത്തിന് 5 വര്‍ഷത്തേയ്ക്ക് അര്‍ഹരാകില്ല. ബാങ്ക് ഫിനാന്‍സ് ലഭിക്കുന്നതിന് തട്ടിപ്പ് തുക പൂര്‍ണ്ണമായി അടച്ച തീയതി മുതല്‍ 5 വര്‍ഷത്തേക്ക് വിലക്കുണ്ട്.

ഇത്തരത്തില്‍ വായ്പ അടച്ചുതീര്‍ക്കേണ്ടവര്‍ക്ക് സെറ്റില്‍മെന്റ് അവകാശമല്ല.ബാങ്കുകളുടെ വിവേചന അധികാരത്തെ ആശ്രയിച്ചായിരിക്കും സെറ്റില്‍മെന്റ് ലഭ്യമാകുക.

ഒത്തുതീര്‍പ്പ് ഒത്തുതീര്‍പ്പ് സംബന്ധിച്ച വിശദീകരണങ്ങള്‍

മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവരുമായി ഒത്തുതീര്‍പ്പിനുള്ള വ്യവസ്ഥ പുതിയതല്ല

മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്കുള്ള ശിക്ഷാ നടപടികളില്‍ പുതിയ സര്‍ക്കുലര്‍ കുറവ് വരുത്തുന്നില്ല

തട്ടിപ്പുകാരായി തരംതിരിക്കുന്ന വായ്പക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ധനസഹായം ലഭിക്കുന്നതില്‍ നിന്ന് വിലക്ക്

ഒത്തുതീര്‍പ്പ് വ്യവസ്ഥ 15 വര്‍ഷത്തിലേറെയായി നിലവിലുണ്ട്.