മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

June 3, 2023 0 By BizNews

20 വര്ഷം മുന്പ് മാരുതിയുടെ പൊതു ഓഹരി വില്പ്പന (ഐ.പി.ഒ.) യില് 12,500 രൂപ മുടക്കി 100 ഓഹരികള് സ്വന്തമാക്കിയിരുന്നെങ്കില് ഇന്ന് അതിന്റെ മൂല്യം 9.33 ലക്ഷം രൂപയാകുമായിരുന്നു.

20 വര്ഷംകൊണ്ട് ഓഹരി വില 125 രൂപയില് നിന്ന് 9,330 രൂപയിലേക്കാണ് കുതിച്ചുയര്ന്നത്. അതായത് ഏതാണ്ട് 75 മടങ്ങ് വര്ധന. ഇന്ത്യയുടെ സ്വന്തം കാര് കമ്പനിയായ മാരുതി സുസുകിയുടെ ഐ.പി.ഒ.യ്ക്ക് ഈ മാസം 20 വയസ്സ് തികയുകയാണ്.

2003 ജൂണിലായിരുന്നു മാരുതിയുടെ ഓഹരി വില്പ്പന. 25 ശതമാനം ഓഹരികളാണ് കേന്ദ്ര സര്ക്കാര് ഐ.പി.ഒ.യിലൂടെ വില്പ്പനയ്ക്കു െവച്ചത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരികളുടെ ഐ.പി.ഒ. വില 115-125 രൂപയായിരുന്നു.

ഇന്ത്യന് കാര് വിപണിയുടെ പകുതിയിലേറെയും കൈയാളുന്ന കമ്പനിയുടെ ഐ.പി.ഒ.യ്ക്ക് 13 മടങ്ങ് അധിക അപേക്ഷകളായിരുന്നു ലഭിച്ചത്.

ഐ.പി.ഒ. വിജയകരമായി പൂര്ത്തിയാക്കി 2003 ജൂലായില് ഓഹരികള് ബി.എസ്.ഇ.യിലും എന്.എസ്.ഇ.യിലും വ്യാപാരം തുടങ്ങിയപ്പോള് വില 165 രൂപയിലെത്തി. പിന്നീട്, ഇന്ത്യന് കാര് വിപണിയുടെ വളര്ച്ചയ്ക്കൊപ്പം മാരുതിയുടെ ഓഹരി വിലയും പടിപടിയായി ഉയര്ന്നു. 2017 ഡിസംബറില് ഓഹരി വില 10,000 രൂപയിലെത്തി റെക്കോഡിട്ടു.

പിന്നീട് ഓഹരി വില നേരിയ തോതില് ഇടിഞ്ഞെങ്കിലും വീണ്ടും തിരിച്ചുകയറുകയാണ്. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള് ബി.എസ്.ഇ.യില് 9,330.50 രൂപയാണ് ഓഹരി വില. വിപണിമൂല്യം ഏതാണ്ട് 2.82 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവുമധികം വിപണിമൂല്യമുള്ള 20 കമ്പനികളിലൊന്നാണ് മാരുതി സുസുകി.

ഓഹരി വിലയിലെ നേട്ടത്തിനു പുറമെ, കാലാകാലങ്ങളില് ലാഭവിഹിതമായും നല്ലൊരു തുക ഓഹരിയുടമകള്ക്ക് കമ്പനി നല്കിയിട്ടുണ്ട്. തുടര്ച്ചയായി ഓഹരി കൈവശം െവച്ചിരുന്നെങ്കില് ഓഹരിയൊന്നിന് 20 വര്ഷം കൊണ്ട് 520 രൂപ ലാഭവിഹിതമായി നേടാമായിരുന്നു.

അതായത്, മുതല്മുടക്കിന്റെ (ഐ.പി.ഒ. വിലയുടെ) നാലു മടങ്ങിലേറെ ഇതുവരെയുള്ള ലാഭവിഹിതമായി തന്നെ ലഭിച്ചു.