ഇന്ത്യയില്‍ വ്യാജ ഇന്‍ഷൂറന്‍സ് പോളിസികള്‍ കൂടുന്നു

May 29, 2023 0 By BizNews

ന്യൂഡല്‍ഹി: വ്യാജ പോളിസികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിന്നീട് ക്ലെയിം ചെയ്യുമ്പോള്‍ മാത്രമാണ് തങ്ങള്‍ പറ്റിയ്ക്കപ്പെട്ടു എന്ന കാര്യം പോളിസി വാങ്ങുന്നവര്‍ മനസ്സിലാക്കുന്നത്. രാജ്യമൊട്ടാകെ പ്രവണത നിലനില്‍ക്കുന്നതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഡിജിറ്റലൈസേഷന്റെ വര്‍ദ്ധനവാണ് ഇത്തരം തട്ടിപ്പിന് കളമൊരുക്കിയത്. പോളിസി ഉടമകളില്‍ നിന്ന് ഉയര്‍ന്ന പ്രീമിയം ശേഖരിക്കുകയും വ്യാജ പോളിസികള്‍ നല്‍കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഒറിജിനലിനെ വെല്ലുന്ന പോളിസികള്‍ സൃഷ്ടിക്കുന്നത്.

രേഖകളില്‍ തിരിമറി നടത്തുക എന്നതാണ് മറ്റൊരു തട്ടിപ്പ്.. ഡാറ്റാ പരിരക്ഷണം, സ്വകാര്യതാ പ്രശ്നങ്ങള്‍, ഇന്‍ഷുറര്‍മാര്‍ക്കിടയില്‍ വിവരങ്ങള്‍ പങ്കിടല്‍ എന്നിവയാണ് ഇന്ന് മേഖലകള്‍ നേരിടുന്ന വെല്ലുവിളികള്‍. വ്യാജ പോളിസി ലഭ്യമായാല്‍ നിയമ നടപടി സ്വീകരിക്കുക എന്നതാണ് ഏക മാര്‍ഗം.

ഓണ്‍ലൈനായോ ഫോണ്‍ കോളുകളിലൂടെയോ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സൈബര്‍ സെല്ലിലാണ് പരാതി നല്‍കേണ്ടത്. മാത്രമല്ല, ഏജന്റ് വഴി പോളിസി വാങ്ങുകയാണെങ്കില്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ച് ആധികാരികത ഉറപ്പുവരുത്തണം. കമ്പനിയിലെ അവരുടെ രജിസ്ട്രേഷനും തിരിച്ചറിയല്‍ വിശദാംശങ്ങളും ആരായുക.

പണമടയ്ക്കുകയോ ഏജന്റിന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണം കൈമാറുകയോ ചെയ്യരുത്.ആധികാരികത പരിശോധിക്കാന്‍ ഇന്‍ഷൂററുമായി ബന്ധപ്പെടാം. വലിയ കിഴിവുകള്‍ നല്‍കുന്നത് സമഗ്ര പരിശോധന വേണമെന്നതിന്റെ അടയാളമാണ്.

പോളിസികളുടെ ആധികാരികത പരിശോധിക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പക്കല്‍ ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്. മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍, പോളിസി യഥാര്‍ത്ഥമാണോ എന്നത് വാഹന്‍ പോര്‍ട്ടലില്‍ പരിശോധിക്കാന്‍ കഴിയും.