സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെ ഗള്‍ഫില്‍ സിനിമാമേഖലയില്‍ വന്‍നിക്ഷേപം എത്തുന്നു

സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെ ഗള്‍ഫില്‍ സിനിമാമേഖലയില്‍ വന്‍നിക്ഷേപം എത്തുന്നു

September 19, 2018 0 By

ദുബായ്: ഗള്‍ഫ് നാടുകള്‍, വടക്കേ അമേരിക്ക എന്നീ മേഖലകളില്‍ സിനിമാരംഗത്ത് വന്‍നിക്ഷേപം എത്തുന്നു. 35 വര്‍ഷത്തിനുശേഷം സൗദി അറേബ്യ സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെയാണ് വീണ്ടും സിനിമാ വ്യവസായത്തിലേക്ക് വന്‍ നിക്ഷേപം എത്തുന്നത്.

354 കോടി ഡോളറായിരിക്കും വരും വര്‍ഷങ്ങളില്‍ ഇതിനായി വിനിയോഗിക്കുന്നതെന്നാണ് നിഗമനം. ഇതില്‍ സൗദി അറേബ്യയില്‍മാത്രം 324 കോടി ഡോളര്‍ നിക്ഷേപമാണ് എത്തുന്നത്. യു.എ.ഇ. ആസ്ഥാനമായുള്ള വോക്‌സ് സിനിമയുടെ ഉടമകളായ മാജിദ് അല്‍ ഫുത്തെം ഗ്രൂപ്പ് 840 ദശലക്ഷം ഡോളറാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നിക്ഷേപിക്കുന്നത്. അത്യാധുനിക സ്‌ക്രീനുകളോടെയുള്ള തിയേറ്ററുകളാണ് അവര്‍ ലക്ഷ്യമിടുന്നത്.

2020 ആവുമ്പോഴേക്കും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ സിനിമാ വിനോദ മേഖല 3500 കോടി ഡോളറിന്റെ വ്യാപാര വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. 2030 ആവുമ്പോഴേക്കും സൗദി അറേബ്യയില്‍ 300 തിയേറ്ററുകള്‍ കൂടി തുറക്കും. ഇതോടെ അവിടെ സിനിമാ മേഖലയിലെ നിക്ഷേപം 2400 കോടി ഡോളറായി വര്‍ധിക്കും. മുപ്പതിനായിരം തൊഴിലവസരങ്ങളും തുറക്കും.

മേഖലയിലെ സിനിമാ വ്യവസായത്തിലെ പുതിയ സാധ്യതകളും വളര്‍ച്ചയും ചര്‍ച്ച ചെയ്യുന്നതിനായി ആദ്യത്തെ മിന സിനിമ ഫോറത്തിന് ദുബായ് വേദിയാവും. അടുത്തമാസം 29, 30 തീയതികളിലായി ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി.