മൂന്ന് റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് സെബിയില്‍ നിന്നും എഫ്പിഐ ലൈസന്‍സ്

മൂന്ന് റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് സെബിയില്‍ നിന്നും എഫ്പിഐ ലൈസന്‍സ്

May 9, 2023 0 By BizNews

മുംബൈ: പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യയിലെ മൂന്ന് സ്ഥാപനങ്ങള്‍ സെബിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായി (എഫ്പിഐ) രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് റഷ്യന്‍ നിക്ഷേപം ഒഴുകുമെന്നുറപ്പായി. സെബിയില്‍ നിന്ന് എഫ്പിഐ ലൈസന്‍സ് നേടിയ മൂന്ന് നിക്ഷേപകരും മോസ്‌കോ ആസ്ഥാനമായുള്ളവരാണ്.

ആല്‍ഫ ക്യാപിറ്റല്‍ മാനേജ്‌മെന്റ് കമ്പനി കാറ്റഗറി -1, കാറ്റഗറി 11 എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററീസിലെ ഡാറ്റ പ്രകാരം വെസെവോലോഡ് റോസനോവ് എന്ന വ്യക്തി കാറ്റഗറി -1 ല്‍ രജിസ്റ്റര്‍ ചെയ്തു. റഷ്യന്‍ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എഫ്പിഐ വഴി തിരഞ്ഞെടുക്കുന്നത് ഇതാദ്യമാണ്. നേരത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാര്‍മാണ് അവര്‍ സ്വീകരിച്ചിരുന്നത്.

ഉക്രെയ്‌നിലെ അധിനിവശത്തെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികള്‍ പര്യവേക്ഷണം ചെയ്യുന്നത്. മാത്രമല്ല ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിച്ചതോടെ റഷ്യയുടെ ഉഭയകക്ഷി വ്യാപാരമിച്ചം കൂടി.

ആനുപാതികമായി ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ അവസരമില്ലാത്തതിനാല്‍ അവര്‍ തുക നിക്ഷേപമാക്കുന്നു. കൂടാതെ ബാലന്‍സ് രൂപയിലാണ് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

അതിനാല്‍ മിച്ചം പ്രാഥമികമായി ഇന്ത്യയില്‍ നിക്ഷേപത്തിനായി ഉപയോഗിക്കാം. ഇക്വിറ്റീസ്,ഡെബ്റ്റ്,കമ്മോഡിറ്റീസ് എന്നിവയില്‍ ഹ്രസ്വകാല നിക്ഷേപത്തിനായാണ് റഷ്യ മിച്ചം വകയിരുത്തുക.റഷ്യയെ കൂടാതെ, ചൈന ആസ്ഥാനമായുള്ള കുറഞ്ഞത് 16 സ്ഥാപനങ്ങള്‍ക്കും ഹോങ്കോംഗ് ആസ്ഥാനമായുള്ള 217 എണ്ണത്തിനും 124 തായ് വാന്‍ സ്ഥാപനങ്ങള്‍ക്കും എഫ്പിഐകളായി ഇന്ത്യയില്‍ സ്ഥിരം രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്.

എഫ്പിഐ എണ്ണത്തിന്റെ കാര്യത്തില്‍ യുഎസാണ് (3485) മുന്നില്‍. ലക്‌സംബര്‍ഗ് (1,353), കാനഡ (825), അയര്‍ലന്‍ഡ് (738), യുകെ (684), മൗറീഷ്യസ് (589), സിംഗപ്പൂര്‍ (567) എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നു. കൈവശമുള്ള ആസ്തികളുടെ കാര്യത്തില്‍ ആദ്യ പത്ത് എഫ്പിഐ രാജ്യങ്ങള്‍ യുഎസ്, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, മൗറീഷ്യസ്, യുകെ, അയര്‍ലന്‍ഡ്, കാനഡ, നോര്‍വേ, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയാണ്.മാത്രമല്ല, എഫ്പിഐകളുടെ കൈവശമുള്ള മൊത്തം ആസ്തിയായ 50.85 ലക്ഷം കോടി രൂപയുടെ 83 ശതമാനവും ഈ പത്ത് രാജ്യങ്ങളുടെ പക്കലാണ്.