സഞ്ചാരികള്‍ക്ക് പ്രണയം ഗവിയോട് മാത്രം
September 19, 2018ചുട്ടുപൊള്ളുന്ന വേനലിലും പച്ചപ്പിന്റെയും കുളിരിന്റെയും കരിമ്പടവും പുതച്ചു കിടക്കുന്ന ഗവി സഞ്ചാരികളെ മാടി വിളിക്കുന്നു. മരങ്ങളെല്ലാം കരിഞ്ഞുണങ്ങുന്ന മാര്‍ച്ചിലും ഈറ്റക്കാടും വന്‍ മരങ്ങളുടെ നീണ്ട നിരയുമായി പച്ചപ്പിന്റെ താലമേന്തി തൊഴുകൈയ്യുമായി നില്‍ക്കുകയാണ്. മഴക്കാലത്തോ മഴകഴിഞ്ഞു മരം പെയ്യുമ്പഴോ ഗവിയില്‍ ചെന്നാല്‍ പച്ചപ്പിനിത്ര സൗന്ദര്യമോ എന്ന് അറിയാതെ ചോദിച്ചു പോകും. കാട്ടില്‍ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയും. കോട മഞ്ഞ് കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളില്‍ കാട്ടാനകളും കാട്ടുപോത്തും മാന്‍ കൂട്ടവുമുണ്ടാകും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും ചീവിടിന്റെ സംഗീതവും കാട്ടരുവികളുടെ കളകളാരവവും നവ്യാനുഭൂതി പകരും.
ആനയും പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പര്ശമേല്ക്കാത്ത കാടുകളിലൊന്നാണിത്. പണ്ട് ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ ഏലം, കുരുമുളക്. തേയില.കാപ്പി കൃഷി മുരടിച്ചപ്പോള്‍ നാട്ടിലുള്ള സഞ്ചാരികള്‍ക്ക് മുന്നില്‍ പച്ചപ്പിന്റെ ലോകം തുറന്നു കൊടുത്ത വിനോദസഞ്ചാരമാണ് ഗവിയ്ക്ക് പുതു ജീവന് നല്‍കിയത്. അത് അടുത്തറിയാനും കാണാനും കാടിന്റെ വികാരവും അനുഭൂതികളും നേര്‍ത്ത സ്പര്‍ശവും സാന്ത്വനവും നെഞ്ചിലേറ്റുവാങ്ങാന്‍ കഴിയുന്ന കേരളത്തിലെ ഏറ്റവും ശാന്തമായ ഇടങ്ങളിലൊന്നാണ് ഗവിയെന്ന് നമ്മളിലും കൂടുതല്‍ മനസിലാക്കിയിട്ടുള്ളത് വിദേശികളാണ്.ലോകത്തില്‍ത്തന്നെ അവശ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഗവിയെ അവര്‍ അടയാളപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഗവിയിലെ വിനോദസഞ്ചാരത്തിന്റെ ചുമതല. പാക്കേജ് പ്രകാരം ബുക്കുചെയ്ത് പോവുന്നതിലൂടെ താമസമടക്കം എല്ലാ സൗകര്യങ്ങളോടെയും ഗവിയെ അറിയാം. ഗവിയിലെ കാടിനു നടുവിലൂടെ കടന്നു പോവുന്ന കെ.എസ്.ആര്.ടി.സി. ബസ്സില്‍ കാടിനെ അടുത്തറിയാനുള്ള യാത്രയാവാം. ആനയെയും കാട്ടുപോത്തിനെയും ഈ യാത്രകളിലും കാണാം. കുമളിയിലോ വണ്ടിപ്പെരിയാറിലോ നിന്ന് ജീപ്പുവിളിച്ച് ഗവിയിലൂടെ ഒരു സഫാരി നടത്താം. വള്ളക്കടവ് ചെക്പോസ്റ്റിലോ ആങ്ങമൂഴിയിലോ എന്‍ട്രന്‍സ് ഫീ അടച്ച് അനുമതിവാങ്ങിവേണം പ്രവേശിക്കാന്‍. പത്തനംതിട്ടയില്‍നിന്ന് രാവിലെ 6.30നാണ് കെ.എസ്. ആര്.ടി.സി.ബസ്. 11ന് ഗവിയിലെത്തും. 12.30നും ഒരു ബസ്സുണ്ട്. അത് അഞ്ചിന് ഗവിയിലെത്തും. കുമളിയില്‍ നിന്ന് രാവിലെ 5.30നാണ് ബസ്. ഗവിയില്‍ ഏഴിനെത്തും. പിന്നെ ഒന്നരയ്ക്കുള്ള ബസ്സ് മൂന്നിനെത്തും. കുമളിയിലെത്തി രാവിലെ 5.30ന് പുറപ്പെടുന്ന ബസ്സോ 1.20 ന് പുറപ്പെടുന്ന ബസ്സോ പത്തനംതിട്ടയില്‍നിന്ന് രാവിലെ 6.30നോ 1.20നോ പുറപ്പെടുന്ന ബസ് പിടിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഗവിയുടെ സൗന്ദര്യം നുണയാം. രാവിലെ കുമളിയില്‍നിന്ന് പുറപ്പെടുന്ന ബസ്സില്‍ വഴിയരികില്‍ വന്യമൃഗങ്ങളെ അടുത്തു കാണാനുള്ള അവസരം കൂടുതലായിരിക്കും.
ഓര്‍ഡിനറി സിനിമകണ്ട ആവേശത്തില്‍ ഗവി കാണാന്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഗവിയിലും കൂടുതല്‍ കുട്ടിക്കാനത്തും പീരുമേട്ടിലും വാഗമണിലും ഒക്കെയാണ് ഷൂട്ടുചെയ്തത്.. ഓര്‍ഡിനറിയല്ല ഗവി. ഇത് ശരിക്കും എക്സ്ട്രാ ഓര്‍ഡിനറിയാണ്. കാടിനെ അറിയാനും ആസ്വദിക്കാനും വരുന്നവര്‍ ഗവിയെ മനസ്സിലേറ്റിയേ പോവൂ. വിദേശികള്‍ ഈ ശാന്തതയില്‍ വെറുതെയിരിക്കും. ചിലപ്പോള്‍ വായിച്ചുകൊണ്ടിരിക്കും. ഇവിടുത്തെ പ്രകൃതിയെത്തന്നെ ഏറെ വായിക്കാനുണ്ട്.
കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വിവിധ പാക്കേജുകളുണ്ട്. താമസം, ഏലത്തോട്ടത്തിലൂടെ ട്രെക്കിംഗ്, ജംഗിള്‍ സഫാരി, ബോട്ടിംഗ്, ശബരിമല വ്യൂപോയിന്റ് സന്ദര്‍ശനം എന്നിവ അടങ്ങിയ വിവിധ പാക്കേജുകള്‍ക്ക് ഒരാള്‍ക്ക് 2500രൂപയും അവധി ദിവസങ്ങളില്‍ 3000 രൂപയാണ് പാക്കേജ്. ഭക്ഷണവും ഗൈഡ്ഫീയും ഇതില്‍ ഉള്‍പ്പെടും. ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. w?w?w.?g?a?v?i?k?a?k?k?i?o?n?l?i?n?e.?com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി മുപ്പത് വാഹനങ്ങളേ കടത്തിവിടൂ. പത്തനംതിട്ടയില്‍ നിന്ന് 45കിലോമീറ്റര്‍ അകലെ ആങ്ങമൂഴിയാണ് ഗവി യാത്രയുടെ കവാടം. ഇവിടെ നിന്ന് ഗവി വരെ ദുര്‍ഘടമായ വനപാത 67 കിലോമീറ്റര്‍ ദൂരമുണ്ട്. 56 കിലോമീറ്റര്‍ അകലെയുള്ള ആനത്തോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴി ഉച്ചയ്ക്ക് 2.30ന് മുന്‍പ് കടന്നുപോകണം. ഗവിയില്‍ നിന്ന് വാഹനങ്ങള്‍ തിരികെ ആങ്ങമൂഴി വഴി വിടില്ല. വൈകിട്ട് ആറിന് മുന്‍പ് വള്ളക്കടവ് ചെക്ക്പോസ്റ്റ് കടക്കണം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്കു മുകളിലൂടെയാണ് യാത്ര. മൂഴിയാര്‍, ഇക്കോ പോയിന്റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലയില്‍ വാഹനം നിറുത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കാട്ടാനകളെ ചിലപ്പോള്‍ റോഡരികില്‍ കാണാം, മൊട്ടക്കുന്നുകളിലും പുല്‍മേടുകളിലും പോത്ത്, മാനുകള്‍, കരടി, മ്ളാവ് തുടങ്ങിയവയുമുണ്ടാകും. മേയ് മുതലുള്ള മണ്‍സൂണ്‍ മഴക്കാല ടൂറിസത്തിന് പറ്റിയ സ്ഥലമാണ് ഗവി മഴയുടെ കമ്പളം പുതച്ചു. കോടമഞ്ഞില്‍ കുളിച്ചും ശീതക്കാറ്റിന്റെ കുളിരണിഞ്ഞും മനോഹരിയായി നില്ക്കുന്ന മലമടക്കുകളില്‍ നിന്നുള്ള അരുവികളുടെ കുത്തൊഴുക്ക് കാണാം. മഴക്കാടുകള്‍ താണ്ടി ഗവിയിലേക്കുള്ള യാത്ര ഏറെ ആസ്വാദ്യകരവുമാണ്. മഞ്ഞില്‍ മുങ്ങിയ പുല്‍മേടുകളും നിബിഡവനങ്ങളും വേനലിലേതിനേക്കാള് പതിന്മടങ്ങ് ഭംഗി ചൊരിയുന്നു. അപൂര്‍വ്വ വര്‍ണ്ണപ്പൂക്കളും ശലഭങ്ങളും ഹരിതാഭമായ മലമേടുകളില്‍ കൂട്ടമായി മേയുന്ന കാട്ടുമൃഗങ്ങളും കാഴ്ചകളില്‍ നിറയുന്ന പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ ആസ്വദിച്ചുള്ള വന യാത്ര ആങ്ങമൂഴിക്കടുത്ത് കൊച്ചാണ്ടി ചെക്പോസ്റ്റില്‍ നിന്നാണ് തുടങ്ങുന്നത്. ശക്തമായ മഴ വല്ലപ്പോഴും മാത്രം. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന നൂല് മഴ. നനുത്ത ശീതക്കാറ്റ്. ഒടിഞ്ഞു വീണ മരശിഖിരങ്ങള്‍ വെട്ടിയൊതുക്കിയാണ് ഇടുങ്ങിയ പാത തെളിച്ചിട്ടിരിക്കുന്നത്. ആനത്തോടു പിന്നിട്ട് പച്ചക്കാന ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെത്തുന്നതോടെ കാറ്റിന്റെ ശക്തി കൂടും. മഴക്കാല ഗവി കാഴ്ചയില്‍ അതി സുന്ദരിയാണെങ്കിലും യാത്ര അതീവ ജാഗ്രതയോടെ വേണം. കാട്ടുമൃഗങ്ങള്‍ എപ്പോഴും മുന്നിലെത്താം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്കു മുകളിലൂടെയാണ് യാത്ര. ഒന്നിനു പിറകേയായി അരഡസനോളം ഡാമുകളുടെ നീണ്ട നിരയുള്ള ഗവിപോലുള്ള വനമേഖല വേറെ ഇല്ലെന്നു പറയാം. സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് ഗവി. കൊടുംവേനലില്‍ പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് താഴും. പുല്മേടുകളാല് സമൃദ്ധമായ മൊട്ടക്കുന്നുകളില്‍ ഒരു കുന്നിന് പുറത്തു നിന്ന് നോക്കിയാല്‍ ശബരിമലയുടെ വിദൂര ദര്‍ശനം ലഭിക്കും. മകര ജ്യോതി തെളിയുന്ന പൊന്നമ്പലമേട് ഗവിക്ക് സമീപമാണ്. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കും. പക്ഷിനിരീക്ഷകര്‍ക്കും അനുയോജ്യമായ ഒരു പ്രദേശമാണ്. മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുണ്ട്. അപൂര്‍വ്വ വൃക്ഷങ്ങള്‍ നിറഞ്ഞതാണ് ഗവി. മഹാ പ്രളയത്തില്‍ നിന്ന് ജനങ്ങളെയും ജീവജാലങ്ങളെയും രക്ഷിക്കാന്‍ നോഹ പെട്ടകം നിര്‍മിച്ച ചരിത്രം ബൈബിളിലും ഖുറാനിലും വിവരിക്കുന്നു. നോഹ പേടകം നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കുന്ന ഏഷ്യയില്‍ മറ്റൊരിടത്തും കാണാത്ത ഗോഫര്‍ മരങ്ങള്‍ ഗവിയില്‍ കൊച്ചു പമ്പയ്ക്കു സമീപം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് അത്ഭുത കാഴ്ചയാണ്. പശ്ചിമഘട്ട മലനിരകളില്‍ പൂവിടാതെ കായ്ക്കുന്ന ഏകമരമാണിത്. പച്ചമരം വെട്ടി വെള്ളത്തിലിട്ടാലും പൊങ്ങിക്കിടക്കുമെന്നതാണ് വിശേഷം.
‘ഗ്രോ മോര് ഫുഡ് ‘ പദ്ധതി പ്രകാരം ഇവിടെ കൃഷിചെയ്ത ഏലക്കാടുകള്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ഏറ്റെടുത്തു. എണ്‍പതുകളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികളിലധികവും. ഗവി ഇവരുടെ നാടാണെന്നു പറയാം. പതിറ്റാണ്ടുകളായി ഗവിമേഖലയിലുള്ള ശ്രീലങ്കന്‍ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോര്പറേഷന് നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന ഏലക്കൃഷി വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി മൂന്നും നാലും മാസം ശമ്പളം മുടങ്ങി.തുടര്‍ന്ന് വിനോദസഞ്ചാര രംഗത്തേക്ക് കോര്പറേഷന് ഇറങ്ങിയതോടെയാണ് വരുമാനം വര്‍ധിച്ചത്. കിലോമീറ്ററുകളോളം നീളത്തില്‍ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. ആനക്കൂട്ടങ്ങള്‍ക്ക് പുറമേ വരയാട്, സിംഹവാലന്‍ കുരങ്ങ് എന്നിവ കാട്ടില്‍ വിഹരിക്കുന്നു. മലമുഴക്കി വേഴാമ്പലും ചിത്രശലഭക്കൂട്ടങ്ങളും വേറെ.. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളില്‍ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാന്‍ഷനായി മാറിയത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സങ്കേതമാണിത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമാണ് ഗവി. ടൂറിസം വഴി കൂടുതല്വരുമാനമുണ്ടാക്കുന്നതിനായി ഈ നിത്യഹരിത വനത്തെ കോണ്‍ക്രീറ്റ് വനമാക്കരുതെന്നാണ് ഹരിതാഭയില്‍ മയങ്ങി നില്ക്കുന്ന സഞ്ചാരികളുടെ അപേക്ഷ.