നെല്ലിയാമ്പതി, പാവങ്ങളുടെ ഊട്ടി
September 19, 2018പാവങ്ങളുടെ ഊട്ടിയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന ഒരു നിത്യഹരിത വനപ്രദേശം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. ഊട്ടിയെ ഓര്‍മ്മിപ്പിക്കുന്ന കാലാവസ്ഥ. പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ മനം കുളിര്‍പ്പിക്കും. പോകുന്ന വഴിക്ക് 10 ഹെയര്‍പിന്‍വളവുകള്‍ ഈ റോഡിലുണ്ട്. നെല്ലിയാമ്പതി മലയുടെ താഴ്‌വരയിലാണ് പോത്തുണ്ടി ഡാം. ബോട്ടിംഗ് സൗകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം മറ്റൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ടൂറിസ്റ്റുകളെ വല്ലാതെ ആകര്‍ഷിക്കും.
വിവിധങ്ങളായ പക്ഷികളും പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. വഴിയിലുടനീളം ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കാണാം. പോകുന്ന വഴിയിലാണ് സീതാര്‍കുണ്ട്. ഇവിടെ രാമലക്ഷ്മണന്‍മാര്‍ വനവാസകാലത്ത് സീതയ്‌ക്കൊപ്പം സീതാര്‍ക്കുണ്ടില്‍ ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലകളില്‍ നിന്ന് വെള്ളമെടുത്ത് പൂജയ്ക്ക് അര്‍പ്പിച്ചതായും ഐതിഹ്യമുണ്ട്.
നെല്ലിയാമ്പതിയിലെ ആദ്യത്തെ പട്ടണമാണ് കൈകാട്ടി. നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണിത്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം. നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ് അണക്കെട്ട്.കൈകാട്ടിക്ക് സമീപത്താണ് കേശവന്‍പാറ. ഇവിടെ നിന്നു നോക്കിയാല്‍ താഴ്‌വാരം മടക്കുകളായി പരന്നുകിടക്കുന്നതു കാണാം. യാത്രയെ പ്രണയിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. മനസിനെ കുളിര്‍പ്പിക്കുന്ന നെല്ലിയാമ്പതി പാലക്കാട് നിന്നും 60 കി.മീ അകലെയാണ് . നെന്മാറയില്‍ നിന്നും പോത്തുണ്ടി ഡാം വഴിയാണ് പോകേണ്ടത്. നെന്മാറയില്‍ നിന്നും 26 കി.മീ അകലെയാണ് കൈകാട്ടി. കൈകാട്ടിയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഉണ്ട്.