രോഗികളുടെ എണ്ണം കുറയുന്നില്ല; ടി.പി ആര് പത്തില്‍ താഴാത്തത് ഗൗരവതരം
June 29, 2021 0 By BizNewsതിരുവനന്തപുരം: ടി.പി.ആര് പത്തില്‍ താഴാതെ നില്‍ക്കുന്നത് ഗൗരവമായ പ്രശ്നം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ലെന്നാണ്. ഇപ്പോള്‍ 99174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടി.പി.ആര് 10-ന് മുകളില്‍ നില്ക്കുന്നു. 29.75 ശതമാനത്തില്‍ നിന്നാണ് ടി.പി.ആര് പതുക്കെ കുറഞ്ഞ് പത്തിലെത്തിയത്. എന്നാല്‍ അതു കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാലവും ലോക്ക് ഡൗണ്‍ നടപ്പാക്കാനാവില്ല. അതിനാലാണ് നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനതോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതില്‍ ചെറിയ മാറ്റം വരുത്താന്‍ ഇന്നു ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. തദ്ദേശപ്രദേശങ്ങളിലെ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി അനുസരിച്ച് ടിപിആര്‍ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാഗം 165 പ്രദേശങ്ങളിലാണ്. ടിപിആര്‍ ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങള്‍ സി വിഭാഗത്തിലുണ്ട്. 80 ഇടത്ത് ടിപിആര്‍ 18 ശതമാനത്തിന് മുകളിലാണ് അതാണ് ഡി വിഭാഗം. ഈ വിഭാഗീകരണം അനുസരിച്ചാവും നാളെ മുതല്‍ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക. നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവ് വരുത്തേണ്ട സാഹചര്യമില്ല.