ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ തുറന്നു

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ തുറന്നു

November 27, 2020 0 By BizNews

കൊച്ചി: ഇന്ത്യയിലൂടനീളം പ്രവര്‍ത്തനം വിപുലപ്പെടുത്തി വരുന്ന കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 500ാമത് ശാഖ അഹമദാബാദില്‍ തുറന്നു. മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ നാഴികകല്ലായ 500ാമത് ശാഖ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിന്‍ഹ് ചുഡസ്മ ഉല്‍ഘാടനം ചെയ്തു. വെര്‍ച്വലായി നടന്ന പരിപാടിയില്‍ ഇസാഫ് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ എന്നിവരും പങ്കെടുത്തു. എടിഎം ഉല്‍ഘാടനം ഗുജറാത്ത് സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ അസിത് വോറ നിര്‍വഹിച്ചു. ഗുജറാത്തില്‍ ഇസാഫ് ബാങ്കിന്റെ അഞ്ചാമത് ശാഖയാണ് വ്യാഴാഴ്ച തുറന്നത്. അഹമദാബാദിനു പുറമെ സൂറത്തിലും വഡോദരയിലും ഇസാഫിന് ശാഖകളുണ്ട്.

‘സമൂഹത്തിലെ എല്ലാ വിഭാഗത്തിനും തുല്യാവസരമൊരുക്കി ബാങ്കിങ് സേവനങ്ങള്‍ സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് ബാങ്കിന്റെ ഈ വികസനത്തിലൂടെ സാധ്യമാക്കുന്നത്. ഇതു വഴി ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ബാങ്കായി മാറുകയാണ് ലക്ഷ്യം. മികച്ച വളര്‍ച്ചയുടേയും ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റേയും കരുത്തില്‍ ഈ മഹാമാരിക്കാലത്തും വളരാനും മുന്നേറ്റമുണ്ടാക്കാനും ബാങ്കിനു സാധിച്ചു,’ ബാങ്ക് മേധാവി കെ. പോള്‍ തോമസ് പറഞ്ഞു.

19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി സാന്നിധ്യമുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യത്തുടനീളം 40 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. ബാങ്കിങ് സേവനം ലഭിക്കാത്ത ജനവിഭാഗങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ വായ്പകളും മറ്റു സേവനങ്ങളും എത്തിക്കുകയാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ലക്ഷ്യം.