ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഭേദഗതി വരുത്തി സൗദി

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഭേദഗതി വരുത്തി സൗദി

September 17, 2018 0 By

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കില്‍ പിഴ സംഖ്യ വര്‍ധിപ്പിക്കുന്ന നിയമം റദ്ദാക്കി. ഇതുസംബന്ധിച്ച ട്രാഫിക് നിയമ ഭേദഗതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഗതാഗത നിയമ ലംഘനത്തിനുളള പിഴ ആറു മാസത്തിനകം അടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിലവിലെ നിയമം. മുപ്പതു ദിവസത്തിനകം പിഴ അടയ്ക്കുന്നവര്‍ക്ക് കുറഞ്ഞ തുക അടച്ചാല്‍ മതി. എന്നാല്‍, മാസങ്ങളോളം പിഴയടയ്ക്കാതെ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ ഏറ്റവും കൂടിയ തുക പിഴ ചുമത്തിയിരുന്നു. ഇത് മന്ത്രിസഭ റദ്ദാക്കി. ഭേദഗതിചെയ്ത ഗതാഗത നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. പൊതുജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാകുന്ന വിധം ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. ഇത് ആവര്‍ത്തിച്ചാല്‍ ഏറ്റവും കൂടിയ പിഴസംഖ്യ അടയ്‌ക്കേണ്ടിവരും. ഒരു വര്‍ഷം മൂന്നാം തവണയും ഇത്തരം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഇത്തരക്കാരുടെ കേസുകള്‍ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതിക്ക് കൈമാറും. ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും നിയമഭേദഗതി അനുശാസിക്കുന്നു.

ആറ് മാസത്തിനകം പിഴ അടക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഗതാഗതനിയമ ലംഘനത്തിനുളള പിഴ സംഖ്യ ഇരുപതിനായിരം റിയാലില്‍ കൂടിയാല്‍ ഇവരുടെ കേസുകളും പ്രത്യേക കോടതി പരിഗണിക്കും. ഇത്തരക്കാര്‍ ഒരു മാസത്തിനകം പിഴ അടയ്ക്കണമെന്നും ഗതാഗതനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.