കടക്കെണിയിലും പാക്കിസ്ഥാൻ പ്രതിരോധ ബജറ്റ് കൂട്ടുന്നു

കടക്കെണിയിലും പാക്കിസ്ഥാൻ പ്രതിരോധ ബജറ്റ് കൂട്ടുന്നു

May 8, 2025 0 By BizNews

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാകുകയും കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയും ചെയ്തതോടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങി പാകിസ്താൻ.

അടുത്ത ബജറ്റില്‍ പ്രതിരോധച്ചെലവ് 18 ശതമാനം വർദ്ധിപ്പിച്ച്‌ 2.5 ട്രില്യണ്‍ രൂപയിലധികമാക്കാൻ സഖ്യകക്ഷി സർക്കാർ അംഗീകാരം നല്‍കിയതായി പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താൻ പീപ്പിള്‍സ് പാർട്ടി (പിപിപി) അധ്യക്ഷൻ ബിലാവല്‍ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും അദ്ദേഹത്തിൻ്റെ സാമ്ബത്തിക സംഘവുമായും ബജറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്തതായാണ് വിവരം.

ഇന്ത്യയുമായുള്ള സമീപകാല സംഘർഷങ്ങള്‍ കണക്കിലെടുത്ത് ബജറ്റില്‍ പ്രതിരോധ വിഹിതം വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ പിഎംഎല്‍-എനും പിപിപിയും തമ്മില്‍ ധാരണയിലെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ദി എക്സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോർട്ട് ചെയ്തു.

ജൂലൈ ഒന്നിന് പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്ത മാസം ആദ്യവാരം പാകിസ്താൻ സർക്കാർ 2025-26 ലെ ബജറ്റ് അവതരിപ്പിക്കും. 2024-25 സാമ്ബത്തിക വർഷത്തില്‍ പ്രതിരോധത്തിനായി 2,122 ബില്യണ്‍ രൂപ വകയിരുത്തിയിരുന്നു.

ഇത് 2023-24 സാമ്ബത്തിക വർഷത്തില്‍ നീക്കിവെച്ച 1,804 ബില്യണ്‍ രൂപയേക്കാള്‍ 14.98 ശതമാനം കൂടുതലായിരുന്നു.

ഏതുനിമിഷവും ഇന്ത്യ അക്രമിച്ചേക്കുമെന്ന ഭീതിയിലാണ് പാകിസ്താൻ. ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും പാകിസ്താന് വെല്ലുവിളിയാണ്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22നുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.