ഗഗന്‍യാന്‍ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഗഗന്‍യാന്‍ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

May 8, 2025 0 By BizNews

ഡല്‍ഹി: ഇന്ത്യയുടെ ഗന്‍യാന്‍ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍.

ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. 2026ലാകും മറ്റ് രണ്ട് ആളില്ലാ വിക്ഷേപണങ്ങള്‍ ഇസ്രൊ നടത്തുക.

ഗഗന്‍യാന്‍ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കും.

ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യം ഈ വര്‍ഷം ആദ്യ പാദത്തില്‍ നടക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒ മുമ്പ് പ്രഖ്യാപിച്ചിരുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഇസ്രൊ മേധാവി പുതുക്കിയ സമയക്രമം അറിയിച്ചത്.

ഇതോടെ ആദ്യം പ്രഖ്യാപിച്ച സമയക്രമത്തില്‍ നിന്ന് അഞ്ച് കൊല്ലമെങ്കിലും വൈകിയാകും ആദ്യ മനുഷ്യ ദൗത്യം നടക്കുകയെന്ന് വ്യക്തമായി.