
ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെഞ്ചിൽ ഇനി 2 അംഗങ്ങൾ വീതം
April 29, 2025 0 By BizNews
ന്യൂഡൽഹി: ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ (ജിഎസ്ടിഎടി) പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. ഒരു ബെഞ്ചിൽ 2 അംഗങ്ങൾ വീതമുണ്ടാകും. ഒരാൾ ടെക്നിക്കൽ അംഗവും ഒരാൾ ജുഡീഷ്യൽ അംഗവുമായിരിക്കും.
അപ്പീലുകൾ ഇലക്ട്രോണിക് രൂപത്തിലായിരിക്കും (ഇ–ഫയലിങ്) സ്വീകരിക്കുക. ഹിയറിങ്ങുകൾ നേരിട്ടും ഓൺലൈൻ ആയും (ഹൈബ്രിഡ്) നടത്താം.
ഒരു നിശ്ചിത ദിവസം ഒരു വ്യക്തി ഫയൽ ചെയ്യുന്ന അടിയന്തര അപ്പീൽ തൊട്ടടുത്ത പ്രവൃത്തിദിനം തന്നെ ട്രൈബ്യൂണലിനു മുന്നിൽ ലിസ്റ്റ് ചെയ്തിരിക്കണം. അസാധാരണസാഹചര്യങ്ങളിൽ ഉച്ചയ്ക്ക് 3 വരെയുള്ള അപേക്ഷകളും പിറ്റേന്ന് പരിഗണിക്കാം. ഇതിന് അപ്‍ലറ്റ് അധ്യക്ഷന്റെ അനുമതി വേണമെന്നു മാത്രം.
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും, തുടർന്ന് 2.30 മുതൽ 4.30 വരെയുമായിരിക്കും ട്രൈബ്യൂണലിന്റെ പ്രവർത്തനം. കഴിഞ്ഞ വർഷം ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ അധ്യക്ഷനായി റിട്ടയേഡ് ജസ്റ്റിസ് സഞ്ജയ കുമാർ മിശ്രയെ സർക്കാർ നിയമിച്ചിരുന്നു.
ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിനു പുറമേ സംസ്ഥാനങ്ങളിൽ 31 ബെഞ്ചുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ബെഞ്ചുകൾ.