
വിയറ്റ്‌നാമില്‍ നിന്ന് ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസംഗ്
April 26, 2025 0 By BizNews
യുഎസ് താരിഫ് യുദ്ധ വാര്‍ത്തകള്‍ക്കിടെ സുപ്രധാന നീക്കവുമായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസംഗ്. വിയറ്റ്‌നാമില്‍ നിന്നും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനാണ് സാംസംഗ് ആലോചിക്കുന്നത്.
ഇത് മാത്രമല്ല, വിയറ്റ്‌നാമില്‍ ഉല്‍പ്പാദന അടിത്തറയുള്ള കമ്പനികളെല്ലാം മറിച്ച് ചിന്തിക്കാന്‍ തുടുങ്ങിയിട്ടുണ്ട്.
സാംസംഗിന്റെ പ്രധാന മാനുഫാക്ച്ചറിംഗ് കേന്ദ്രമാണ് വിയറ്റ്‌നാം. 2024ലെ കണക്കനുസരിച്ച് 52 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് സാംസംഗ് വിയറ്റ്‌നാമില്‍ നിന്ന് നടത്തിയത്. മൊബൈല്‍ ഫോണുകളും സ്‌പെയര്‍ പാര്‍ട്ടുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റിയാല്‍ ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ) പദ്ധതിയുടെ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാംസംഗ്.
വിയറ്റ്‌നാമില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 46 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിയറ്റ്‌നാമിനെ കൈവിടാന്‍ വന്‍കിട കമ്പനികളെ പ്രേരിപ്പിക്കുന്നത്.
ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ തങ്ങളുടെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്‍പ്പാദനം വിയറ്റ്‌നാമില്‍ നിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് ഇന്ത്യയിലെ തങ്ങളുടെ നിര്‍മാണ പങ്കാളികളായ ഡിക്‌സണ്‍ ടെക്‌നോളജീസ്, ഫോക്‌സ്‌കോണ്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.