ഉചിതമായ സമയത്ത് ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് ടെസ്‌ല ഇന്ത്യ സിഎഫ്ഒ

ഉചിതമായ സമയത്ത് ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് ടെസ്‌ല ഇന്ത്യ സിഎഫ്ഒ

April 26, 2025 0 By BizNews

ചിതമായ സമയംനോക്കി ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കുമെന്ന് ടെസ്ല സിഎഫ്‌ഒ വൈഭവ് തനേജ. ഇന്ത്യയുടെ ഉയർന്ന ഇറക്കുമതിത്തീരുവയാണ് വിപണിപ്രവേശത്തിനു തടസ്സമായി നില്‍ക്കുന്നത്.

100 ശതമാനം തീരുവ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. കാറിനായി കൂടുതല്‍ തുക നല്‍കേണ്ടിവരുന്നതായി ഉപഭോക്താക്കള്‍ക്കു തോന്നാൻ ഇതുകാരണമാകുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിപ്രവേശനം എപ്പോഴാണെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷമവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ വൈദ്യുതവാഹനം അവതരിപ്പിക്കുന്നതിന് ടെസ്ല തയ്യാറെടുപ്പുകള്‍ നടത്തിവരുന്നുണ്ട്.

മുംബൈയിലെ ബികെസിയില്‍ ഷോറൂമിനായി സ്ഥലമെടുത്തിട്ടുണ്ട്. ഇതിനുപുറമെ, ഇരുപതോളംപേരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

വിപണി പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന് സമാന്തരമായി ഇന്ത്യൻ നിരത്തുകളില്‍ ടെസ്ലയുടെ മോഡല്‍ വൈ എന്ന ഇലക്‌ട്രിക് എസ്യുവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മോഡല്‍ വൈ, മോഡല്‍ 3 തുടങ്ങിയ ഇലക്‌ട്രിക് വാഹനങ്ങള്‍ ടെസ്ല ഇന്ത്യൻ നിരത്തുകള്‍ക്കായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍, ഇത് സംബന്ധിച്ച കൃത്യമായ വെളിപ്പെടുത്തല്‍ ടെസ്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഈ വർഷം ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോള്‍ ഇലോണ്‍ മസ്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്ല ഇന്ത്യയില്‍ പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സാധ്യമായ വേഗത്തില്‍ പൂർത്തിയാക്കുമെന്ന് മസ്ക് പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദിയും ഇലോണ്‍ മസ്കും എക്സില്‍ കുറിച്ചിരുന്നു.

ടെസ്ല ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത്തവണ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങളെല്ലാം നീക്കിയിട്ടുണ്ടെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

വിദേശത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ ഈടാക്കുന്ന ഉയർന്ന ഇറക്കുമതി തീരുവയെ തുടർന്നാണ് ടെസ്ല കാറുകളുടെ വരവ് നീണ്ടുപോയത്. അടുത്തിടെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവയില്‍ വലിയ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് മസ്കിന്റെ ഈ പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്.

ഇന്ത്യയില്‍ എത്തിക്കുമെന്ന സൂചന നല്‍കിയിട്ടുള്ള മോഡല്‍ വൈ എന്ന ഇലക്‌ട്രിക് കോംപാക്‌ട് എസ്യുവി ടെസ്ല വാഹന നിരയിലെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നാണ്. RWD, ലോംഗ്-റേഞ്ച് AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ വൈ എത്തുന്നത്.

RWD പതിപ്പിന് 719 കിലോമീറ്റർ റേഞ്ചും AWD വേരിയന്റിന് 662 കിലോമീറ്റർ റേഞ്ചും ലഭിക്കുന്നു. ഈ മോഡല്‍ 4.3 സെക്കന്റില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം, RWD മോഡലിന് 100 കിലോമീറ്റർ വേഗമെടുക്കാൻ 5.9 സെക്കൻഡ് വേണ്ടിവരും.