
ഇന്ത്യക്കാർ 15 വർഷംകൊണ്ട് വാങ്ങിക്കൂട്ടിയത് 12,000 ടൺ സ്വർണം
April 29, 2025 0 By BizNews
ഇന്ത്യൻ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്ക് സ്വർണത്തോടുള്ള കമ്പം ലോകപ്രശസ്തമാണ്. സ്വർണം വാങ്ങിക്കൂട്ടുന്നത് ‘ഡെഡ് ഇൻവെസ്റ്റ്മെന്റ്’ എന്നാണ് ഒരുകൂട്ടരുടെ വാദം.
എന്നാല്‍, കഴിഞ്ഞ 15 വർഷംകൊണ്ട് ഇന്ത്യൻ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ചില്ലറ സ്വർണമൊന്നുമല്ല, ഏതാണ്ട് 12,000 ടണ്‍. 2010 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ഇത്. ഇതില്‍ ഏതാണ്ട് 8,700 ടണ്ണും സ്വർണാഭരണം തന്നെയാണ്.
സ്വർണവില റെക്കോഡ് വേഗത്തില്‍ കുതിച്ചുയർന്നതോടെ, ബംബറടിച്ചിരിക്കുകയാണ് സ്വർണ ശേഖരമുള്ളവർ. ഓരോ വർഷത്തെയും ശരാശരി വില കണക്കിലെടുത്താല്‍, ഇത്രയും സ്വർണം വാങ്ങാനെടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും.
ഇതിന്റെ ഇപ്പോഴത്തെ മൂല്യമാകട്ടെ 110 ലക്ഷം കോടി രൂപയും. ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപ!
15 വർഷംകൊണ്ടുള്ള കണക്ക് ഇതാണെങ്കില്‍, ഇന്ത്യയിലെ വീടുകളില്‍ മൊത്തമുള്ള സ്വർണ ശേഖരം 25,000 ടണ്‍ വരും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്.
തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ മൊത്തം 3,000-5,000 ടണ്‍ സ്വർണ ശേഖരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിനു പുറമെ, റിസർവ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 879 ടണ്‍ സ്വർണമുണ്ട്.
ഇതെല്ലാം ചേരുമ്ബോള്‍ ഇന്ത്യയിലെ മൊത്തം സ്വർണ ശേഖരം ഏതാണ്ട് 30,000 ടണ്‍ വരും. ഇപ്പോഴത്തെ വില അനുസരിച്ച് ഇതിന്റെ മൂല്യം 3.2 ലക്ഷം കോടി ഡോളർ വരും. അതായത്, ഏതാണ്ട്് 275 ലക്ഷം കോടി രൂപ!
സ്മാർട്ടാണ് ഇന്ത്യൻ വീട്ടമ്മമാർ
സ്വർണ വിലയില്‍ കാലങ്ങളായുള്ള മുന്നേറ്റം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ വീട്ടമ്മമാരാണ് ലോകത്തിലെ ഏറ്റവും സ്മാർട്ടായ ഫണ്ട് മാനേജർമാർ എന്നാണ്.
- ഉദയ് കൊട്ടക്, സ്ഥാപകൻ, കൊട്ടക് മഹീന്ദ്ര ബാങ്ക് (സാമൂഹിക മാധ്യമമായ എക്സില്‍ ഈയിടെ കുറിച്ചിരുന്നത്)