
വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണം
April 24, 2025 0 By BizNews
ന്യൂഡൽഹി: വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ അടുത്ത 10-12 വർഷത്തേക്ക് പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണമെന്നു കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ.
2047ഓടെ വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) നിർമാണത്തിന്‍റെ പങ്ക് വർധിപ്പിക്കണമെന്നും നാഗേശ്വരൻ കൂട്ടിച്ചേർത്തു.
കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിച്ച ‘കൊളംബിയ- ഇന്ത്യ’ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2047ഓടെ വികസിത രാജ്യമാകുകയെന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. എന്നാൽ ഇന്ത്യയുടെ വലിപ്പത്തിനു പുറമേയുള്ള ഏറ്റവും വലിയ വെല്ലുവിളി അടുത്ത 10-20 വർഷത്തേക്ക് ബാഹ്യമായ സ്ഥിതിഗതികൾ അത്ര സുഗമമായിരിക്കില്ല എന്ന വസ്തുതയാണ്.
1990 മുതൽ ഇങ്ങോട്ടുള്ള 30 വർഷത്തേക്ക് ബാഹ്യസാഹചര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായിരുന്നു. ഇനിയങ്ങോട്ട് എളുപ്പമായിരിക്കില്ല. ഇത്തരം ബാഹ്യമായ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഒരുപരിധി കഴിഞ്ഞാൽ സാധിക്കില്ല.
ഇതിനോടൊപ്പംതന്നെ നിർമിത ബുദ്ധി, സാങ്കേതികത്വം, റോബോട്ടിക്സ് എന്നീ വെല്ലുവിളികൾ ഇപ്പോഴുള്ള വികസിത രാജ്യങ്ങൾക്ക് അവരുടെ വികസനപാതയിൽ നേരിടേണ്ടിവന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനുശേഷമുള്ള മൂന്നു വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് ശരാശരി എട്ടു ശതമാനമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എട്ടു ശതമാനം നിലനിർത്തുകയെന്നതു പ്രയാസകരമാണ്.
പക്ഷേ അടുത്ത ഒന്നോ രണ്ടോ ദശകം സുസ്ഥിരമായ അടിസ്ഥാനത്തിൽ 6.5 ശതമാനം വളർച്ചാനിരക്ക് നിലനിർത്തുകയും അവസരത്തിനൊത്ത് ഏഴു ശതമാനമായി ഉയർത്താനും കഴിഞ്ഞാൽ ഇന്ത്യക്ക് 2047ഓടെ വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും നാഗേശ്വരൻ വ്യക്തമാക്കി.
ആഗോള സന്പദ് വ്യവസ്ഥ മാന്ദ്യത്തിന്‍റെ പാതയിലാണെങ്കിലും ഇന്ത്യ 2025ഓടെ 6.5 ശതമാനം വളർച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്‌ട്രസഭയുടെ വ്യാപാര- വികസന സംഘടന കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.