ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക് സജ്ജം

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക് സജ്ജം

February 26, 2025 0 By BizNews

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ജയ്പുരിലേക്ക് 300 കിലോമീറ്ററോളം ദൂരമുണ്ട്. അത് വെറും 30 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകുമെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്.

ഈ സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. റെയിൽവേ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഐഐടി മദ്രാസ് നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക് സജ്ജമായി. ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് യാഥാർഥ്യമായാൽ വെറും 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.

അതായത് ഏകദേശം 300 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി- ജയ്പുർ യാത്ര അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. മണിക്കൂറിൽ ഏകദേശം 761 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും എന്നതാണ് ഹൈപ്പർലൂപ്പിന്‍റെ പ്രത്യേകത. 422 മീറ്റർ നീളമുള്ളതാണ് ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ട്രാക്ക്.

‘സർക്കാർ-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തിൽ പരിഷ്കരണത്തിന് വഴിയൊരുക്കുന്നു.’എന്ന കുറിപ്പോടെ ഹൈപ്പർലൂപ്പിന്‍റെ പരീക്ഷണത്തിന്‍റെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു.

റെയിൽവേ മന്ത്രാലയമാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. ഐഐടി മദ്രാസ് കാമ്പസിലാണ് ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത്. 422 മീറ്റർ നീളമുള്ള ഈ ട്രാക്ക രാജ്യത്തെ അതിവേഗ യാത്രയിൽ വിപ്ലവം സൃഷ്ടിക്കും. ആദ്യത്തെ വാണിജ്യ പദ്ധതി ഉടൻ ഏറ്റെടുക്കാൻ റെയിൽവേ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹൈപ്പർലൂപ്പ് ട്രാക്ക് എന്ത്?
അഞ്ചാമത്തെ ഗതാഗതമാർഗമായി കണക്കാക്കപ്പെടുന്ന ഹൈപ്പർലൂപ്പ് ദീർഘദൂര യാത്രയ്ക്കുള്ള അതിവേഗ ഗതാഗത സംവിധാനമാണ്. ഹൈപ്പർലൂപ് ട്രാക്ക് വാക്വം ട്യൂബുകളിലെ പ്രത്യേക കാപ്സ്യൂളുകൾ വഴി ട്രെയിനുകളെ അതിവേഗം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു.

വായു വലിച്ചെടുത്ത് മർദം കുറച്ച ഒരു വാക്വം ട്യൂബിനുള്ളിൽ കാന്തികബലത്തിന്‍റെ സഹായത്തോടെ ഫ്ളോട്ട് ചെയ്ത് കിടക്കാൻ സഹായിക്കുന്ന സംവിധാനം ഉപയോഗിച്ച് ഘർഷണവും വായു പ്രതിരോധ പ്രശ്നവും ഇല്ലാതാക്കി പേടകത്തെ അതിവേഗം ചലിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർലൂപ്പിൽ ഉപയോഗിക്കുന്നത്. കുഴലിൽ സ്റ്റീൽ ട്യൂബുകൾ സ്ഥാപിക്കും.

കുറഞ്ഞ മർദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്‍റെ സഹായത്തിൽ സഞ്ചാരികളുള്ള പേടകം മുന്നോട്ട് തള്ളുന്നു. ഭൂമിയിലൂടെ വിമാനത്തേക്കാൾ ഇരട്ടി വേഗത്തിലുള്ള യാത്ര, അതാണ് ഹൈപ്പർ ലൂപ്പ് സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുന്നത്.

മണിക്കൂറിൽ ഏകദേശം 761 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ഏതു കാലാവസ്ഥയിലും പ്രവർത്തിക്കാനുള്ള കഴിവ്, കൂട്ടിയിടി രഹിത യാത്ര, കുറഞ്ഞ വൈദ്യുതി ഉപയോഗം, 24 മണിക്കൂർ പ്രവർത്തനത്തിനുള്ള ഉൗർജ സംഭരണം തുടങ്ങിയവ ഹൈപ്പർലൂപ്പിന്‍റെ പ്രത്യേകതകളാണ്.