വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാരിന് പ്രത്യേക ശ്രദ്ധയെന്ന് രാഷ്ട്രപതി

വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാരിന് പ്രത്യേക ശ്രദ്ധയെന്ന് രാഷ്ട്രപതി

January 31, 2025 0 By BizNews

ന്യൂഡൽഹി: സര്‍ക്കാരിന്റെ ശ്രദ്ധ യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

യുവ ജനതയുടെ മാനവ വിഭവ ശേഷി ഉപയോഗിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും പാര്‍ലമെന്റ്ില്‍ അവതരിപ്പിക്കുക എന്ന സൂചനയാണ് രാഷ്ട്രപതിയുടെ പ്രസംഗം. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്പോര്‍ട്സ് വരെ എല്ലാ മേഖലകളിലും യുവാക്കളുടെ സംഭാവനയുണ്ട്.

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയില്‍ ഇന്ത്യ ലോകത്തിനു വഴികാട്ടുകയാണ്. പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. ഇതിനായി മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സ്ത്രീകളുടെ നേതൃത്വത്തില്‍ രാജ്യത്തെ ശാക്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങി, മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും രാഷ്ട്രപതി എണ്ണിപറഞ്ഞു.

രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടന്‍ മാറുമെന്നും അവര്‍ വ്യക്തമാക്കി.

മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നതിനായി ‘പ്രധാനമന്ത്രി ആവാസ് യോജന’ കൂടുതല്‍ വിപുലീകരിക്കും. ‘ആയുഷ്മാന്‍ ഭാരത് പദ്ധതി’ പ്രകാരം 70 വയസും അതില്‍ കൂടുതലുമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയും, അര്‍ബുദത്തിനായുള്ള മരുന്നിന്റെ തീരുവ ഒഴിവാക്കുകയും ചെയ്യും.

വിവിധ പദ്ധതികള്‍ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.