ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം: തകർന്ന് ഓഹരി വിപണികൾ
February 3, 2025വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധത്തിൽ പകച്ച് ആഗോള സാമ്പത്തിക രംഗം. അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികൾ തകർന്നു. ഇന്ത്യൻ രൂപ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കറൻസികൾക്കും റെക്കോഡ് ഇടിവ് നേരിട്ടു. യൂറോപ്പിനെതിരെയും തീരുവ ഭീഷണി ഉയർത്തിയ ട്രംപ്, തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ചു.
അതിർത്തി വഴിയുള്ള കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാൻ തയാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് കാനഡക്കും മെക്സികോക്കുമെതിരെ 25 ശതമാനം വീതവും ചൈനക്കെതിരെ 10 ശതമാനവും തീരുവ ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ തീരുവ പ്രാബല്യത്തിൽ വരും. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് മൂന്ന് രാജ്യങ്ങളും പ്രഖ്യാപിച്ചത് സ്ഥിതി രൂക്ഷമാക്കി.
യു.എസ്, ഇന്ത്യ, ജപ്പാൻ, ഫ്രാൻസ്, യു.കെ എന്നിവിടങ്ങളിലെല്ലാം ഓഹരി വിപണികൾ തകർച്ച നേരിട്ടു. ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലാദ്യമായി 87 കടന്നു. തിങ്കളാഴ്ച 55 പൈസ ഇടിഞ്ഞ് 87.17 രൂപയിലാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തിൽ 67 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. മെക്സികൻ പെസോ രണ്ട് ശതമാനം ഇടിഞ്ഞ് മൂന്ന് വർഷത്തെ കുറഞ്ഞ നിലയിലായി. കനേഡിയൻ ഡോളർ 2003ന് ശേഷമുള്ള കുറഞ്ഞ നിലയിലും യൂറോ രണ്ട് വർഷത്തെ താഴ്ന്ന നിലയിലുമെത്തി. ചൈനീസ് യുവാനും റെക്കോഡ് ഇടിവ് നേരിട്ടു. വ്യാപാര യുദ്ധത്തിെന്റ ആശങ്കയിൽ നിക്ഷേപകർ ഡോളർ വാങ്ങിക്കൂട്ടിയതാണ് മറ്റ് കറൻസികൾക്ക് തിരിച്ചടിയായത്. യൂറോ, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെൻ, കനേഡിയൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, സ്വീഡിഷ് ക്രോണ എന്നീ ആറ് കറൻസികൾ ഉൾപ്പെട്ട ഇൻഡക്സിൽ യു.എസ് ഡോളർ മൂന്നാഴ്ചത്തെ ഉയർന്ന നിലവാരമായ 109.48ലെത്തി.
ക്രിപ്റ്റോ കറൻസികൾക്കും തകർച്ചയിൽ പിടിച്ചുനിൽക്കാനായില്ല. ഏറ്റവും വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ മൂന്നാഴ്ചത്തെ താഴ്ന്ന നിലയിലെത്തി. ഇഥർ ഒരാഴ്ചക്കിടെ 25 ശതമാനവും ഇടിഞ്ഞു. മറ്റ് ക്രിപ്റ്റോ കറൻസികളിലും വൻ തകർച്ചയുണ്ടായി.
മത്സരിച്ച് തീരുവ ചുമത്തിക്കൊണ്ടുള്ള വ്യാപാര യുദ്ധം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില വർധനക്കും പണപ്പെരുപ്പത്തിനും ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അകൽച്ചയിൽ കഴിയുന്ന രാജ്യങ്ങൾക്കെതിരെ മാത്രമല്ല, വർഷങ്ങളായി അടുത്ത സഖ്യ കക്ഷികളായ രാജ്യങ്ങൾക്കെതിരെയും ട്രംപ് കർക്കശ നിലപാട് സ്വീകരിക്കുന്നതിെന്റ അമ്പരപ്പിലാണ് ലോകം. വെള്ളക്കാരുടെ വസ്തുക്കൾ ബലമായി പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കക്കുള്ള ധനസഹായം നിർത്തലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പനാമ കനാലിെന്റ നിയന്ത്രണം ചൈനക്ക് നൽകിയെന്ന് ആരോപിച്ച ട്രംപ്, കനാൽ തിരിച്ചുപിടിക്കുമെന്ന ഭീഷണിയും മുഴക്കി.�