ഓഹരി വിപണിയിൽ പുതുവത്സര പ്രതീക്ഷകൾ

ഓഹരി വിപണിയിൽ പുതുവത്സര പ്രതീക്ഷകൾ

January 6, 2025 0 By BizNews

പുതുവർഷത്തിൽ സാമ്പത്തിക ലോകത്തിന്റെയും ഓഹരിവിപണിയുടെയും പ്രതീക്ഷകൾ എന്തൊക്കെയാണ്​? അനിശ്ചിതത്വത്തിന്റെ പുകപടലം നീങ്ങി ഉയർച്ചയുടെ ആകാശം കാണാൻ എത്ര സമയമെടുക്കും? എന്തൊക്കെ വെല്ലുവിളികളാണ് മുന്നിലുള്ളത്? സാധ്യതകൾ എത്ര വിശാലമാണ്?. ഇത് കണക്കുകൂട്ടലിന്റെ കാലമാണ്. പുതുവർഷത്തിലെ ആദ്യ ദിനങ്ങൾ വിപണിക്ക് ശുഭകരമായിരുന്നു. ഈ വർഷം നിഫ്റ്റി 26500 വരെ മുന്നേറുമെന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. ഒറ്റ ദിശയിലെ ഏകപക്ഷീയ മുന്നേറ്റം പ്രതീക്ഷിക്കരുത്. കനത്ത ചാഞ്ചാട്ടമുണ്ടാകും. ഇന്ത്യൻ ഓഹരികൾ അമിത മൂല്യത്തിലായതിനാൽ മറ്റു രാജ്യങ്ങളിൽ മികച്ച അവസരം ലഭിക്കുമ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപനക്ക് ഇനിയും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ വിപണിയിൽ തിരുത്തലുണ്ടാകും.

ആശങ്ക നൽകുന്ന വസ്തുതകൾ

ഇന്ത്യൻ കമ്പനികളുടെ 2024-25 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം അത്ര മികച്ചതായിരുന്നില്ല. നാലാം പാദഫലം ജനുവരി പകുതിയോടെ പുറത്തുവന്നുതുടങ്ങും. നല്ല പ്രകടനം കാഴ്ചവെച്ചാൽ ഓഹരി വിപണി മുന്നേറും. അതിന് കഴിഞ്ഞില്ലെങ്കിൽ ശക്തമായ തിരുത്തലിന് സാധ്യതയുണ്ട്. ജി.ഡി.പി, വ്യവസായ വളർച്ചാ നിരക്ക് എന്നിവ കുറഞ്ഞുവരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ജി.ഡി.പി വളർച്ച പ്രതീക്ഷിച്ചിരുന്നത് 7.3 ശതമാനമായിരുന്നു. എന്നാൽ, നേടാൻ കഴിഞ്ഞത് 5.4 ശതമാനം മാത്രം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8.1 ശതമാനം വളർച്ച നേടാൻ കഴിഞ്ഞിരുന്നു. വ്യവസായ വളർച്ച ത്രൈമാസത്തിൽ 7.4 ശതമാനത്തിൽനിന്ന് 2.1 ശതമാനമായി കുറഞ്ഞു. ഡിസംബറിലെ കണക്കെടുത്താൽ രാജ്യത്തെ വ്യാവസായിക ഉൽപാദനം ഒരു വർഷത്തെ കുറഞ്ഞ നിലയിലാണ്. സർക്കാറിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം (ധനക്കമ്മി) 7.50 ലക്ഷം കോടിയാണ്.

ഐ.പി.ഒകൾക്ക് കുറവുണ്ടാകില്ല

2025ലും ഐ.പി.ഒകൾക്ക് കുറവുണ്ടാകില്ല. കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ഐ.പി.ഒ ഉണ്ടായത് ഇന്ത്യയിലാണ്. 200ലേറെ കമ്പനികളാണ് ഇന്ത്യയിൽ 2024ൽ പ്രാഥമിക ഓഹരി വിൽപനയുമായി രംഗത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ജപ്പാനിൽ ഇത് 69 മാത്രമാണെന്നോർക്കണം. ഏഴ് കമ്പനികൾ ഈയാഴ്ച മാത്രം ഐ.പി.ഒയുമായി വരുന്നു. കൂടുതൽ കമ്പനികൾ സെബിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പരിധി വിട്ട ഐ.പി.ഒകളെ നിയന്ത്രിക്കാൻ സെബി കൂടുതൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയേക്കും.