കുരുമുളക് വിളവെടുപ്പ് വൈകുമെന്ന ആശങ്കയിൽ കർഷകർ

കുരുമുളക് വിളവെടുപ്പ് വൈകുമെന്ന ആശങ്കയിൽ കർഷകർ

January 6, 2025 0 By BizNews

പുതുവർഷത്തിൽ വിലക്കയറ്റത്തോടെ കുരുമുളക് വ്യാപാരത്തിന്‌ തുടക്കം കുറിച്ചു. പുതിയ മുളകിന്റെ വിളവെടുപ്പ്‌ വൈകുമോയെന്ന് കാർഷിക മേഖലയിൽ ആശങ്കയുയരുന്നുണ്ട്. ഹൈറേഞ്ച്‌ കവാടമായ അടിമാലിയിലാണ്‌ വിളവെടുപ്പിന്‌ തുടക്കം കുറിക്കുക. ഹൈറേഞ്ചിലെ ഒട്ടുമിക്ക തോട്ടങ്ങളിലും മുളകുമണികൾ മൂത്തുവരുന്നതേയുള്ളു. ഇതിനിടയിൽ ജനുവരി തുടക്കത്തിൽത്തന്നെ സംസ്ഥാനത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലും പകൽ താപനില പതിവിലും മൂന്ന്‌ ഡിഗ്രി സെൽഷ്യസ്‌ ഉയർന്നത്‌ കർഷകരെ പരിഭാന്ത്രരാക്കുന്നു. മഴയുടെ അഭാവവും ഉയർന്ന പകൽചൂടും താങ്ങാനാവാതെ മുളകുമണികൾ അടർന്നുവീഴാനുള്ള സാധ്യതകൾ പലരുടെയും ഉറക്കം കെടുത്തുകയാണ്‌.

ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്‌ജന സ്‌റ്റോക്കിസ്‌റ്റുകളുടെ ഗോഡൗണുകളിൽ നാടൻ മുളക്‌ കാര്യമായില്ല. അതുകൊണ്ടുതന്നെ പുതിയ മുളകിന്റെ വിളവെടുപ്പിനെ ഉറ്റുനോക്കുകയാണവർ. എന്നാൽ, മുൻ വർഷം ഉൽപാദനം കുറഞ്ഞതിനാൽ വില 650 രൂപക്ക്‌ മുകളിൽ കയറിയ ഘട്ടത്തിൽ വലിയ പങ്ക്‌ കർഷകരും ചരക്ക്‌ വിറ്റതിനാൽ ഉൽപാദന മേഖലയിലും സ്‌​റ്റോക്ക്‌ കുറവ്‌. വിളവെടുപ്പ്‌ തുടങ്ങിയാൽ ചെറുകിട കർഷകർ കാർഷിക ചെലവുകൾ മുൻനിർത്തി ഉൽപന്നത്തിൽ ഒരു ഭാഗം വിപണിയിൽ ഇറക്കാം. എന്നാൽ, വൻകിട കർഷകർ ചരക്ക്‌ പത്തായങ്ങളിലേക്ക്‌ നീക്കാൻ തന്നെയാവും ഉത്സാഹിക്കുക. വിളവെടുപ്പിനിടയിൽ വരവ്‌ ചുരുങ്ങിയാൽ വാങ്ങലുകാർ നിരക്ക്‌ ഉയർത്താം.

അന്താരാഷ്‌ട്ര സുഗന്ധവ്യഞ്‌ജന വിപണി അവധി മൂഡിലാണ്‌. ക്രിസ്‌മസ്‌-പുതുവർഷ ആഘോഷങ്ങൾക്കായി രംഗംവിട്ട യു. എസ്‌,യൂറോപ്യൻ വാങ്ങലുകാർ ഈ വാരം തിരിച്ചെത്തുന്നതോടെ വിപണി സജീവമാകും. ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 7850 ഡോളർ. കൊച്ചിയിൽ ഗാർബിർഡ്‌ കുരുമുളക്‌ 65,700 രൂപ.

ആഗോള കൊക്കോ വിലയിൽ ശക്തമായ ചാഞ്ചാട്ടം. ലഭ്യത കുറയുമെന്ന വിലയിരുത്തലുകൾക്കിടയിൽ കയറ്റുമതി രാജ്യമായ എൈവറികോസ്‌റ്റിൽ നിന്നും ഒരു മാസ കാലയളവിൽ ഷിപ്പ്‌മെൻറുകൾ ഉയർന്ന വിവരം കൊക്കോ വില ആടിയുലയാൻ ഇടയാക്കി. വാരത്തിന്റെ തുടക്കത്തിൽ ടണ്ണിന്‌ 11,971 ഡോളറിൽ നീങ്ങിയ ന്യൂയോർക് വിപണിയിൽ വാരമധ്യം നിരക്ക്‌ 9850 ഡോളറിലേക്ക്‌ ഇടിഞ്ഞു. എന്നാൽ, പുതവത്സര ആഘോഷങ്ങൾക്കുശേഷം ഉൽപന്ന വില ടണ്ണിന്‌ 11,728 ഡോളറിലേക്ക്‌ തിരിച്ചുവരവും കാഴ്‌ചവെച്ചു. കേരളത്തിൽ കൊക്കോ വില കിലോ 740-760 രൂപയിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌.

സംസ്ഥാനത്ത്‌ കാപ്പി വിളവെടുപ്പിന്‌ തുടക്കം കുറിച്ചു. ഡിസംബറിൽ ആരംഭിക്കാനിരുന്ന വിളവെടുപ്പ്‌, കാലാവസ്ഥാ വ്യതിയാനം മൂലം ജനുവരിയിലേക്ക്‌ നീണ്ടതാണ്‌. കഴിഞ്ഞ മാസം ആദ്യം നിലനിന്ന മഴ ഉൽപാദകരെ വിളവെടുപ്പിൽ നിന്നും പിന്തിരിപ്പിച്ചു. നേരത്തെ കാലവർഷത്തിലെ മഴ കാപ്പിത്തോട്ടങ്ങളിൽ വ്യാപകമായി പൂക്കൾ അടർന്നുവീഴാൻ ഇടയാക്കി. വയനാട്‌, പാലക്കാട്‌, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളിൽ നിന്നുള്ള ചരക്കുവരവ്‌ മാസാവസാനത്തോടെ ഉയരും. 2010നുശേഷം ആഗോള വിപണിയിൽ കാപ്പി വില ഉയർന്നതോടെ കർഷകർ കാപ്പിയിൽ ഭാഗ്യപരീക്ഷണങ്ങൾ തുടങ്ങി. 2023ൽ കിലോ 120 രൂപയിൽ വിപണനം നടന്ന കാപ്പി നിലവിൽ 240 രൂപയിലാണ്‌. കാപ്പിപ്പരിപ്പ്‌ വില 400 രൂപ. കർണാടകത്തിലെ കൂർഗ്, ഹാസൻ, ചിക്കമഗളൂരുവിലും വൈകാതെ വിളവെടുപ്പ്‌ തുടങ്ങും.

ആഗോള റബർ വിപണികൾ ഈ വർഷം കൂടുതൽ മികവ്‌ കാണിക്കുമെന്ന നിഗമനത്തിലാണ്‌ നിക്ഷേപകർ. ചൈനീസ്‌ ടയർ മേഖല ഇക്കുറി ശക്തമായ തിരിച്ചുവരവ്‌ കാഴ്‌ചവെക്കുമെന്ന പ്രതീക്ഷകൾ റബർ ഉൽപാദന രാജ്യങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. തായ്‌ലാൻഡും ഇന്തോനേഷ്യയും മലേഷ്യയും ഉൽപാദനം ഉയർത്താനുള്ള ശ്രമം നടത്തുന്നതിനുപിന്നിൽ വില ഇടിഞ്ഞാലും നഷ്‌ടസാധ്യത കുറക്കാമെന്ന കണക്കുകൂട്ടലിലാണ്‌. അതേസമയം ചൈനയുടെ പല ഭാഗങ്ങളിലും പുതിയ വൈറസ്‌ ബാധയെത്തുടർന്ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ റബർ വിപണിയെ പിടിച്ചുലക്കാനും ഇടയുണ്ട്‌.

മികച്ച കാലാവസ്ഥ അവസരമാക്കി സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിങ്‌ പുരോഗമിക്കുന്നു. ക്രിസ്‌മസിനോട്‌ അനുബന്ധിച്ച്‌ വിപണികളിൽനിന്നും പിന്തിരിഞ്ഞ കാർഷിക മേഖല പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞതോടെ രംഗത്ത്‌ തിരിച്ചെത്തി. ഇതിനിടയിൽ നാലാം ഗ്രേഡ്‌ റബർ 19300 രൂപയിൽനിന്ന് 18900ലേക്ക്‌ ഇടിഞ്ഞു.

സ്വർണവില ചെറിയ ഇടവേളക്കുശേഷം വീണ്ടും മുന്നേറി. പവൻ 57,080 രൂപയിൽ നിന്ന് 56,880ലേക്ക്‌ തുടക്കത്തിൽ ഇടിഞ്ഞെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ പവൻ മികവ്‌ കാണിച്ച്‌ 58,080 രൂപയായി. ശനിയാഴ്‌ച നിരക്ക്‌ 57,720 രൂപയാണ്‌. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 2638 ഡോളർ.��