സർവകാല റെക്കോർഡിൽ ദുബൈ റിയൽ എസ്റ്റേറ്റ്
January 5, 2025ദുബൈ: 2024ൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല സർവകാല റെക്കോർഡിൽ. 522.1 ബില്യൺ ദിർഹം മൂല്യമുള്ള 1.80ലക്ഷം ഇടപാടുകളുമായാണ് മേഖല എക്കാലത്തെയും ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത്. ‘ഫാം പ്രോപ്പർട്ടീസ്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം യഥാക്രമം 36 ശതമാനവും 27 ശതമാനവും വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും മൂല്യത്തിലും കൈവരിക്കാനായത്. 2023ൽ 411.1 ബില്യൻ ദിർഹം മൂല്യമുള്ള 1,33,100 ഇടപാടുകളാണ് നടന്നിരുന്നത്. പ്രൈമറി മാർക്കറ്റിൽ, ഡെവലപ്പർമാരിൽ നിന്നുള്ള ആദ്യ വിൽപന വർഷം തോറും 30 ശതമാനം ഉയർന്ന് 334.1 ബില്യൺ ആയി ഉയർന്നു. ഇത് പുതിയ നിർമാണങ്ങൾക്കും ഓഫ് പ്ലാൻ പ്രോപ്പർട്ടികൾക്കുമുള്ള ശക്തമായ ഡിമാൻഡ് എടുത്തുകാണിക്കുന്നതാണ്. ഇടപാട് നിരക്കിൽ 51 ശതമാനം ഉയർച്ചയാണുണ്ടായത്. ഒരു ചതുരശ്ര അടിയുടെ ശരാശരി വിലയിലും വളർച്ച കൈവരിക്കാനായി. അത് 10 ശതമാനം ഉയർന്ന് 1,600 ദിർഹമായിട്ടുണ്ട്.
വില്ല വിൽപന 2023ൽ നിന്ന് 21.1 ശതമാനം വർധിച്ച് 164.1 ബില്യൺ ദിർഹം മൂല്യമുള്ള 30,938 യൂണിറ്റായും, വാണിജ്യ പ്രോപ്പർട്ടി ഇടപാടുകൾ 10.1 ശതമാനം വർധിച്ച് 9.7 ബില്യൺ ദിർഹിന്‍റെ 4,304 യൂണിറ്റായും, പ്ലോട്ടുകൾ 6 ശതമാനം വർധിച്ച് 86.5 ബില്യൺ ദിർഹമിന്‍റെ 4,352 യൂണിറ്റായും വർധിച്ചു. പ്രാഥമിക വിപണിയിൽ, അൽ ബർഷ സൗത്താണ് മൊത്തത്തിലുള്ള വോളിയത്തിന്‍റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മേഖല. നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും ഇടയിൽ മേഖലക്കുള്ള ജനപ്രീതിയാണിത് പ്രതിഫലിപ്പിക്കുന്നത്. 21.1 ബില്യൺ ദിർഹം മൂല്യമുള്ള 6,888 ഇടപാടുകളോടെ മൊത്തത്തിലുള്ള വിൽപന മൂല്യത്തിൽ ബിസിനസ് ബേയാണ് മുന്നിലെത്തിയത്. അതേസമയം മദീനത്ത് അൽ മതാർ, വാദി അൽ സഫ 5 എന്നിവ പോലുള്ള പുതിയ പ്രദേശങ്ങളും വിൽപനയിൽ നേട്ടം കൈവരിക്കുന്നുണ്ട്. ഇത് നഗരത്തിന് പുറത്തെ താമസത്തിനും സംയോജിത കമ്മ്യൂണിറ്റികൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ നാല് വർഷമായി ദുബൈയിലെ വാടക വർധിച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിലേക്ക് പുതിയ താമസക്കാരുടെയും നിക്ഷേപകരുടെയും വരവ് വർധിച്ചതാണിതിന് കാരണം. ഈ വർഷം മാത്രം ദുബൈയിൽ ജനസംഖ്യ 1 ലക്ഷത്തിലധികം വർധിച്ചതായാണ് കണക്കാക്കുന്നത്. 2024ന്‍റെ മൂന്നാം പാദത്തിൽ നഗരത്തിലെ വാടക 18 ശതമാനം വർധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. വില്ല വാടകയിൽ വർഷാവർഷം 13 ശതമാനം വർധനവും അപ്പാർട്ട്മെൻറ് വാടകയിൽ 19 ശതമാനം കുത്തനെ വർധനവുമാണ് രേഖപ്പെടുത്തിയത്. പുതിയ താമസ സ്ഥലങ്ങൾക്കായുള്ള ആവശ്യം എമിറേറ്റിൽ വിതരണത്തേക്കാൾ കൂടുതലാണ്.
അതിവേഗം വളരുന്ന എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യതയും നവീകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധികൃതർ പിന്നിട്ട ആഴ്ച ‘സ്മാർട് വാടക സൂചിക’ നടപ്പിലാക്കിയിട്ടുണ്ട്. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെൻറ്(ഡി.എൽ.ഡി) നടപ്പിലാക്കിയ പുതിയ സംവിധാനം ഭൂവുടമകൾ, വാടകക്കാർ, നിക്ഷേപകർ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ്. എല്ലാവർക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ ലഭിക്കുന്നതിനാൽ ‘സ്മാർട് വാടക സൂചിക’ വടക നിർണയിക്കുന്നതിനും പുതുക്കുന്നതിനും ഏറെ ഉപകാരപ്പെടും.�