ഡിസംബറിൽ നേട്ടം കൊയ്ത് എം&എം, എംജി

ഡിസംബറിൽ നേട്ടം കൊയ്ത് എം&എം, എംജി

January 3, 2025 0 By BizNews

ന്യൂഡൽഹി: ഡിസംബർ മാസം വാഹന വിൽപ്പനയിൽ നേട്ടം കൊയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ജെഎസ്ഡബ്ല്യു എംജിയും. ബജാജ് ഓട്ടോയുടെ വിൽപ്പനയിൽ ഇടിവ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മൊത്തം ഓട്ടോമോട്ടീവ് വിൽപ്പന 16 ശതമാനം വർധിച്ച് ഡിസംബറിൽ 69,768 യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ 18 ശതമാനം വർധനയോടെ 41,424 വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന കമ്പനി കൈവരിച്ചു.

കയറ്റുമതി ഉൾപ്പെടെ മൊത്തം വിൽപ്പന 42,958 വാഹനങ്ങളിൽ എത്തിയപ്പോൾ വാണിജ്യ വാഹന ആഭ്യന്തര വിൽപ്പന 19,502 യൂണിറ്റിലെത്തി.

കമ്പനിയുടെ പാസഞ്ചർ വാഹന വിഭാഗം മൊത്തം കയറ്റുമതിയിൽ 22 ശതമാനം വർധന രേഖപ്പെടുത്തി, 2025 സാമ്പത്തിക വർഷത്തിൽ 402,360 യൂണിറ്റിലെത്തി.

അതേസമയം, കാർഷിക ഉപകരണ മേഖലയിലെ ആഭ്യന്തര വിൽപ്പന 2023 ഡിസംബറിലെ 18,028 യൂണിറ്റിൽ നിന്ന് 2024 ഡിസംബറിൽ 22,019 യൂണിറ്റിലെത്തി.

ആഭ്യന്തരവും കയറ്റുമതിയും ഉൾപ്പെടെ കമ്പനിയുടെ മൊത്തം ട്രാക്ടർ വിൽപ്പന 2024 ഡിസംബറിൽ 22,943 യൂണിറ്റിലെത്തി. മുൻവർഷം ഡിസംബറിൽ 19,138 യൂണിറ്റുകളാണ് വിറ്റത്.. ഈ മാസത്തെ കയറ്റുമതി കണക്കുകൾ 924 യൂണിറ്റുകളാണ്.

റിക്കാർഡ് വിൽപ്പനയിൽ എംജി
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 2024 ഡിസംബറിൽ വാഹന വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 55 ശതമാനം വർധിച്ച് 7,516 യൂണിറ്റുകളായി. ഈ ഡിസംബറിലാണ് കമ്പനി എക്കാലത്തെയും ഉയർന്ന ഇവി വിൽപ്പന രേഖപ്പെടുത്തിയത്.

എൻഇവി (ന്യൂ എനർജി വെഹിക്കിൾ) വിൽപ്പന മൊത്തം വിൽപ്പനയുടെ 70 ശതമാനം ഉയർന്നു. ഇതിൽ വിൻഡ്സർ മാത്രം 3,785 യൂണിറ്റുകളാണ് വിറ്റുപോയത്.- ജഐസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

വില്പന കുറഞ്ഞ് ബജാജ്
2024 ഡിസംബറിൽ ബജാജ് ഓട്ടോയുടെ വാഹനങ്ങളുടെ വിൽപ്പന 2023 ഡിസംബറിലെ വിൽപ്പനയെക്കാൾ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായതായി കമ്പനി വ്യക്തമാക്കി. 2024 ഡിസംബറിൽ 3,23,125 യൂണിറ്റാണ് വിറ്റത്. 2023 ഡിസംബറിൽ കമ്പനി മൊത്തം 3,26,806 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ നാലു ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ മാസം 2,72,173 യൂണിറ്റായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 2,83,001 യൂണിറ്റായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന കുറഞ്ഞപ്പോൾ കയറ്റുമതി 15 ശതമാനം വർധിച്ചു.

എന്നാൽ, മൊത്തം വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 16 ശതമാനമായി ഉയർന്നു. 2024 ഡിസംബറിൽ 50952 യൂണിറ്റകളും 2023ൽ ഇതേ മാസം 43,805 യൂണിറ്റുകളുമാണ് വിറ്റത്.