ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി; മുന്നിൽ എൽ.ഐ.സി

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി; മുന്നിൽ എൽ.ഐ.സി

January 3, 2025 0 By BizNews

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) യുടെ കണക്കു പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 62 ലക്ഷം കോടിയായി. 2023 മാർച്ചിൽ 54.62 ലക്ഷം കോടിയായിരുന്ന ആസ്തിയാണ് കുതിച്ചുയർന്നത്. 13 ശതമാനം വളർച്ചയാണ് കമ്പനികൾ കൈവരിച്ചത്.

ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ എൽ.ഐ.സിയാണ് മുമ്പിൽ. മൊത്തം ആസ്തിയുടെ 72 ശതമാനവും എല്‍.ഐ.സിയാണ് കൈകാര്യം ചെയ്യുന്നത്. 2024 മാര്‍ച്ചിലെ കണക്ക് പ്രകാരം എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എ.യു.എം) 44.23 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയിലെ മൊത്തം വിഹിതമാകട്ടെ 17.33 ലക്ഷം കോടിയും. 3.85 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന എസ്ബിഐ ലൈഫ് ആണ് രണ്ടാമത്. 2.87 ലക്ഷം കോടിയുമായി എച്ച്.ഡി.എഫ്‌.സി ലൈഫ് മൂന്നാമതാണ്.

മാക്‌സ് ലൈഫ്(1.47 ലക്ഷം കോടി), ബജാജ് അലയന്‍സ് ലൈഫ് (1.07 ലക്ഷം കോടി), ടാറ്റ എ.ഐ.എ ലൈഫ് (96,000 കോടി), ആദിത്യ ബിര്‍ള സണ്‍ലൈഫ് (85,800 കോടി), കൊട്ടക് മഹീന്ദ്ര ലൈഫ് (79,200 കോടി), പി.എന്‍.ബി മെറ്റ് ലൈഫ് ഇന്ത്യ (47,400 കോടി) തുടങ്ങിയ കമ്പനികളാണ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലിപ്പത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് ആകെയുള്ള 25 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 18 കമ്പനികളുടെ ആസ്തിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തി.�