ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തുന്നു

ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തുന്നു

January 1, 2025 0 By BizNews

മേരിക്കൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സണും ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോ കോർപ്പും തമ്മിലുള്ള പങ്കാളിത്തം ദീർഘിപ്പിക്കുന്നു.

നിലവിലെ എക്സ് 440 ശ്രേണി വിപുലീകരിക്കാനും പുതിയ മോട്ടോർസൈക്കിളുകള്‍ വികസിപ്പിക്കാനുമാണ് കമ്ബനികളുടെ നീക്കം.

എക്സ്440 യുടെ അതേ പ്ലാറ്റ്ഫോമില്‍ രണ്ട് കമ്ബനികളും പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു സ്ക്രാംബ്ലർ മോഡലും ഉള്‍പ്പെടുമെന്നാണ് വിവരം.

ഹാർലിയുമായുള്ള സഹകരണത്തിന്റെ ഭാഗമായി എക്സ് 440യുടെ അതേ പ്ലാറ്റ്ഫോമില്‍ മാർവിക് 440 എന്ന ഹീറോ മോഡല്‍ വിപണിയിലെത്തിച്ചിരുന്നു. വരും വർഷങ്ങളില്‍ പ്രീമിയം മോട്ടോർസൈക്കിളുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്.

എക്സ്ട്രീം 250R, എക്സ്.എം.ആർ 250 എന്നീ മോഡലുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കും. എക്സ് പള്‍സ് 421ഉം വരാനിരിക്കുന്ന മോഡലാണ്. 2025-ല്‍ വിവിധ മോഡലുകള്‍ വിപണിയിലെത്തിച്ച്‌ നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഹീറോ.

2020 സെപ്റ്റംബറില്‍ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഹാർലി ഡേവിഡ്സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഹാർലിയുമായി സഹകരണം പ്രഖ്യാപിച്ച്‌ ഹീറോയുടെ അറിയിപ്പ് എത്തുകയായിരുന്നു.

ഹാർലിയുടെ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കാനും സർവീസിനുമായിരുന്നു ഇരുകമ്പനികളും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചത്. ഈ കൂട്ടുക്കെട്ടിന്റെ അടിസ്ഥാനത്തിലെത്തിയ ആദ്യ മോഡലായിരുന്നു എക്സ്440.

കഴിഞ്ഞ വർഷം വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാജസ്ഥാനിലെ നീമ്രാനയിലുള്ള ഹീറോ മോട്ടോർകോർപ്പിന്റെ കമ്ബനിയിലാണ് എക്സ് 440 നിർമിക്കുന്നത്.

ആഡംബരത്തിനൊപ്പം കരുത്തൻ മോഡലുകളും എത്തിച്ചിരുന്ന ഹാർളിയുടെ വാഹന നിരയിലെ ഏറ്റവും കരുത്ത് കുറഞ്ഞ മോഡലും ഏറ്റവും വില കുറഞ്ഞ മോഡലുമായിരുന്നു എക്സ് 440. ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്‌.പി. പവറും 38 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ട്രാൻസ്മിഷൻ.