‘കിസ് വാഗൺ’: റോട്ടർഡാം മുതൽ ഐഎഫ്എഫ്‌കെ വരെ – Kiss wagon
December 16, 2024മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുൻ മുരളിയുടെ കിസ് വാഗൺ. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ടൈഗർ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ നേടിയത് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും. ഐഎഫ്എഫ്‌കെയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം വിവിധ ശ്രേണികളിലുള്ള സിനിമകളുടെ സമന്വയമാണ്.
മനുഷ്യസംസ്‌കാരങ്ങളുടെ രൂപപ്പെടലുകൾക്കും മുൻപേയുള്ള കാലഘട്ടത്തിൽ തുടങ്ങി ആധുനിക കാലം വരെയെത്തുന്നതാണു ചിത്രത്തിന്റെ കഥ. പ്രണയം, മതം, നാഗരികത എന്നിവയെല്ലാം ചർച്ച ചെയ്യുന്ന സിനിമ മനുഷ്യന്റെ വിശ്വാസത്തെ മുതലെടുക്കുന്ന പ്രവണതകളെ വിമർശിക്കുന്നതുകൂടിയാണ്.
നിഴൽ നാടകങ്ങളാണ് തന്റെ ആദ്യ പ്രചോദനമെന്ന് സംവിധായകൻ മിഥുൻ മുരളി പറയുന്നു. കാണുന്നവർക്കെല്ലാം മനസിലാവുന്നതല്ല ‘കിസ് വാഗൺ’, സിനിമയുടെ ആദ്യ അരമണിക്കൂർ കാണുമ്പോൾത്തന്നെ പ്രേക്ഷകർക്ക് ഇത് അവരുടെ സിനിമയാണോ അല്ലയോ എന്ന് മനസിലാവും. സിനിമ തുടർന്ന് കാണണമോ വേണ്ടയോ എന്നു കാണികൾക്ക് തീരുമാനിക്കാൻ ഇത് സഹായിക്കുമെന്നും മിഥുൻ മുരളി പറയുന്നു.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ആനിമേഷൻ ഉൾപ്പെടെ വിവിധ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ 14 ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ മൂന്നാം പ്രദർശനം 20നു കലാഭവൻ തിയേറ്ററിൽ രാവിലെ 9.15നു നടക്കും.