100 ബില്യൺ ഡോളർ ക്ലബിൽ നിന്ന് പുറത്തായി അദാനിയും അംബാനിയും
December 16, 2024ന്യൂഡൽഹി: സമ്പത്തിന്റെ കണക്കിൽ 100 ബില്യൺ ഡോളർ ക്ലബിൽ നിന്നും പുറത്തായി മുകേഷ് അംബാനിയും ഗൗതം അദാനിയും. വലിയ പ്രതിസന്ധികൾ അംബാനിയും അദാനിയും അഭിമുഖീകരിക്കുന്നതിനിടെയാണ് ഇരുവരുടേയും 100 ബില്യൺ ഡോളർ ക്ലബിൽ നിന്നുള്ള പുറത്താകൽ.
പ്രധാന വ്യവസായത്തിൽ നിന്നുണ്ടായ തിരിച്ചടിയാണ് അദാനിയുടേയും അംബാനിയുടേയും സമ്പത്ത് ഇടിയാനുള്ള കാരണം. അതേസമയം, തിരിച്ചടിക്കിടയിലും ഇന്ത്യയുടെ 20 ശതകോടീശ്വൻമാർ ചേർന്ന് 67.3 ബില്യൺ ഡോളർ സമ്പത്തിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്. 10.8 ബില്യൺ ഡോളർ കൂട്ടിച്ചേർത്ത ശിവ് നാടാറും 10.1 ബില്യൺ ഡോളർ ചേർത്ത സാവിത്രി ജിൻഡാലാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്.
ബ്ലുംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ജൂലൈയിൽ മുകഷേ് അംബാനിയുടെ ആസ്തി 120.8 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ഡിസംബറിൽ ഇത് 96.7 ബില്യൺ ഡോളറായി കുറഞ്ഞു. ഊർജ, റീടെയിൽ ബിസിനസുകളിലുണ്ടായ തിരിച്ചടികളാണ് അംബാനിയെ ബാധിച്ചത്.
കമ്പനിയുടെ കടബാധ്യത ഉയരുന്നതിൽ നിക്ഷേപകർ നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത് റിലയൻസിന്റെ ഓഹരിയുടേയും പ്രകടനത്തിനേയും ബാധിച്ചിരുന്നു. എണ്ണ മുതൽ രാസവസ്തുക്കൾ വരെയുള്ള റിലയൻസിന്റെ ഉൽപന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും റീടെയിൽ മേഖലയിൽ ഉണ്ടായ തിരിച്ചടിയും മുകേഷ് അംബാനിയെ ബാധിച്ചു.
മറുവശത്ത് ജൂൺ മാസത്തിൽ 122.3 ബില്യൺ ഡോളറായിരുന്നു ഗൗതം അദാനിയുടെ ആസ്തി. എന്നാൽ, ഡിസംബറിൽ ആസ്തി 82.1 ബില്യൺ ഡോളറായി കുറഞ്ഞു. അദാനി ഗ്രൂപ്പിനെതിരെ യു.എസിൽ നടക്കുന്ന അന്വേഷണവും തുടർന്ന് നിക്ഷേപകർക്കിടയിൽ കമ്പനിക്കുണ്ടായ വിശ്വാസതകർച്ചയും അദാനിയുടെ സമ്പത്തിനെ സ്വാധീനിച്ചു.