ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

December 13, 2024 0 By BizNews
Air India introduces Vista Stream in small planes too

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.

ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം.

എയര്‍ ഇന്ത്യയെ ഒരു ലോകോത്തര നിലവാരത്തിലുള്ള എയര്‍ലൈനായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ ചീഫ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് ഡോഗ്ര പറഞ്ഞു.

ചെറുമാനങ്ങളുടെ നിരയിലെ ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളില്‍ തടസമില്ലാത്ത വിനോദം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ്- ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററുകള്‍, ഡോക്യുമെന്ററികള്‍, പാട്ടുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍ തുടങ്ങി 1600 ലധികം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉള്ളടക്കങ്ങളാണ് വിസ്ത സ്ട്രീമിലുള്ളത്. തത്സമയ ഫ്‌ളൈറ്റ് ട്രാക്കിങ്ങും ഇതിലൂടെ സാധ്യമാണ്.

വിസ്ത സ്ട്രീം ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് ഓഎസ് എന്നീ പ്ലാറ്റ്‌ഫോമുകളിലുള്ള ഡിവൈസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്.