രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സ്വിഗ്ഗി ഇടിഞ്ഞത്‌ 20%

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സ്വിഗ്ഗി ഇടിഞ്ഞത്‌ 20%

January 10, 2025 0 By BizNews

വിവിധ ബ്രോക്കറേജുകള്‍ കവറേജ്‌ നല്‍കുകയും ഉയര്‍ന്ന ടാര്‍ജറ്റുകള്‍ നിര്‍ണയിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ ഡിസംബറില്‍ ശക്തമായ മുന്നേറ്റം നടത്തിയ സ്വിഗ്ഗിയുടെ ഓഹരി രണ്ടാഴ്‌ച കൊണ്ട്‌ 21 ശതമാനം ഇടിവ്‌ നേരിട്ടു.

ഡിസംബര്‍ 23ന്‌ 617.3 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയ സ്വിഗ്ഗി അതിനു ശേഷം വിപണിയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ കുത്തനെയുള്ള ഇടിവാണ്‌ നേരിട്ടത്‌. ബുധനാഴ്‌ച രേഖപ്പെടുത്തിയ താഴ്‌ന്ന വില 486.4 രൂപയാണ്‌.

ഇന്നലെ മാത്രം 3.66 ശതമാനം ഇടിവാണ്‌ ഈ ഓഹരിയിലുണ്ടായത്‌. അതിനിടെ ആഗോള ബ്രോക്കറേജ്‌ ആയ ബെര്‍ണ്‍സ്‌റ്റെയ്‌ന്‍ സ്വിഗ്ഗിയെ തങ്ങള്‍ കവറേജ്‌ നല്‍കുന്ന ഓഹരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സ്വിഗ്ഗിയ്‌ക്ക്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ്‌ ആണ്‌ നല്‍കിയിരിക്കുന്നത്‌. 625 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ ബെര്‍ണ്‍സ്‌റ്റെയ്‌നിന്റെ നിഗമനം.

ഫുഡ്‌ ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ ഓഹരി വില നവംബര്‍ 13ന്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഏകദേശം 50 ശതമാനം ഉയര്‍ന്നിരുന്നു. 420 രൂപയ്‌ക്ക്‌ ലിസ്റ്റ്‌ ചെയ്‌ത സ്വിഗ്ഗി ഡിസംബര്‍ 23ന്‌ 617.3 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.

ആഗോള ബ്രോക്കറേജുകളായ ജെപി മോര്‍ഗനും സിഎല്‍എസ്‌എയും കവറേജ്‌ നല്‍കുകയും ഉയര്‍ന്ന ടാര്‍ജറ്റുകള്‍ നിര്‍ണയിക്കുകയും ചെയ്‌തത്‌ സ്വിഗ്ഗിയുടെ ഓഹരി വില ഉയരുന്നതിന്‌ വഴിയൊരുക്കിയ പ്രധാന ഘടകമാണ്‌.

ജെപി മോര്‍ഗന്‍ സ്വിഗ്ഗിയ്‌ക്ക്‌ ‘ഓവര്‍വെയ്‌റ്റ്‌’ എന്ന റേറ്റിംഗ്‌ നല്‍കുകയും ലക്ഷ്യമാക്കുന്ന വില 730 രൂപയായി നിശ്ചയിക്കുകയും ചെയ്‌തതോടെയാണ്‌ സ്വിഗ്ഗിയുടെ ഓഹരി പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തിയത്‌. ഇതുവരെ അനലിസ്റ്റുകള്‍ സ്വിഗ്ഗിയ്‌ക്ക്‌ നല്‍കിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ടാര്‍ജറ്റ്‌ ആണിത്‌.

സ്വിഗ്ഗി അതിന്റെ പ്രധാന ബിസിനസ്സുകളില്‍ നിര്‍ണായക വളര്‍ച്ച കൈവരിക്കുമെന്നും 2027-2028 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ലാഭക്ഷമതയില്‍ മറ്റു കമ്പനികളെ മറികടക്കുമെന്നുമാണ്‌ ജെപി മോര്‍ഗന്‍ വിലയിരുത്തുന്നത്‌.

സൊമാറ്റോയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിഗ്ഗി നിലവില്‍ 32 മുതല്‍ 42 ശതമാനം കുറഞ്ഞ മൂല്യത്തിലാണ്‌ വ്യാപാരം ചെയ്യുന്നതെന്നും ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു. ഈ വിലയിടിവ്‌ അമിതമായി കാണുന്ന ജെപി മോര്‍ഗന്‍ സ്വിഗ്ഗി അതിന്റെ വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനാല്‍ നിക്ഷേപകര്‍ക്ക്‌ ഇത്‌ ആകര്‍ഷകമായ അവസരമാണ്‌ നല്‍കുന്നതെന്ന്‌ ചൂണ്ടികാട്ടുന്നു.

ആഗോള ബ്രോക്കറജ്‌ ആയ സിഎല്‍എസ്‌എ സ്വിഗ്ഗിയ്‌ക്ക്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ്‌ നല്‍കിയിരുന്നു. 708 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ സിഎല്‍എസ്‌ഇയുടെ നിഗമനം.
ഇന്ത്യയിലെ ക്വിക്ക്‌ കോമേഴ്‌സിന്റെ വളര്‍ച്ച സ്വിഗ്ഗിക്ക്‌ പുതിയ സാധ്യതകളാണ്‌ ഒരുക്കിയിരിക്കുന്നതെന്നും 2026-27 ആകുമ്പോഴേക്കും ഇന്ത്യയിലെ ക്വിക്ക്‌ കോമേഴ്‌സ്‌ ബിസിനസ്‌ ആറിരട്ടി വളര്‍ച്ച കൈവരിക്കുമെന്നുമാണ്‌ സിഎല്‍എസ്‌എയുടെ നിഗമനം.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ സ്വിഗ്ഗിയുടെ വരുമാനം 30 ശതമാനം വളര്‍ച്ചയോടെ 3601.50 കോടി രൂപയിലെത്തി. മുന്‍ത്രൈമാസത്തെ അപേക്ഷിച്ച്‌ വരുമാനത്തിലെ വളര്‍ച്ച 11.77 ശതമാനമാണ്‌.

625.53 കോടി രൂപയാണ്‌ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ സ്വിഗ്ഗിയുടെ നഷ്‌ടം. മുന്‍വര്‍ഷം സമാന കാലയളവില്‍ നഷ്‌ടം 611 കോടി രൂപയായിരുന്നു. അതേ സമയം നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്‌ടം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു.

657 കോടി രൂപയായിരുന്നു കഴിഞ്ഞ ത്രൈമാസത്തിലെ നഷ്‌ടം. പത്ത്‌-പതിനഞ്ച്‌ മിനുട്ടിനുള്ളില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നതിന്‌ സൗകര്യമൊരുക്കുന്ന സ്വിഗ്ഗിയുടെ സ്‌നാക്‌ എന്ന പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ബുധനാഴ്ച്ചയാണ്‌ പുറത്തിറക്കിയത്‌.